Crime News

വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയില്‍

Posted on: 29 Apr 2015


തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍. തുമ്പ പള്ളിത്തുറ പുതുവല്‍ പുരയിടം വീട്ടില്‍ ഷീലാപീറ്ററാ (33) ണ് അറസ്റ്റിലയത്. ഇത് രണ്ടാംതവണയാണ് തട്ടിപ്പിന് ഇവരെ പിടികൂടുന്നത്.

ഇവരുടെ പൂജപ്പുരയിലെ വാടകവീട്ടിലും പള്ളിത്തുറയിലെ കുടുംബവീട്ടിലും പോലീസ് ഒരേസമയം പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തു. നിരവധി ആള്‍ക്കാരുടെ പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡുകള്‍, ചെക്കുകള്‍, പ്രോമിസറി നോട്ടുകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. നേരത്തെ ഇവര്‍ ഉപയോഗിച്ചു വന്ന എട്ട് മൊബൈല്‍ ഫോണ്‍ സിംകാര്‍ഡുകള്‍ പോലീസ് പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കി.

നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഷീലാപീറ്ററിനെ തിങ്കളാഴ്ചയാണ് പോലീസ് സംഘം വേഷം മാറിയെത്തി കസ്റ്റഡിയിലെടുത്തത്. ഇവരെ പിടികൂടിയതറിഞ്ഞ് കൂടുതല്‍ പേര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ എസ്.ഐ. കെ.വിക്രമന്‍, ക്രൈം എസ്.ഐ. ബാബു, എ.എസ്.ഐ അശോകന്‍ എസ്., സി.പി.ഒ. ജയശങ്കര്‍, വനിത സി.പി.ഒ. പ്രീജ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial