goodnews head

ഏഴു വയസ്സുകാരന് മുത്തച്ഛന്റെ കൈതാങ്ങില്‍ പുനര്‍ജന്മം

Posted on: 28 Apr 2015



എരുമേലി: മുപ്പത്തഞ്ചടിയോളം താഴ്ചയുള്ള കിണറ്റില്‍നിന്നും ഏഴുവയസ്സുകാരന്‍ അനോണ്‍ തിരിച്ച് ജീവിതത്തിലേക്ക് നടന്നുകയറി. പ്രായവും ആരോഗ്യപ്രശ്‌നവും വകവയ്ക്കാതെ കിണറ്റിലേക്ക് ചാടിയ മുത്തച്ഛനാണ് അനോണിന് കൈത്താങ്ങായത്.

കിണറ്റില്‍ എന്തോവീഴുന്ന ശബ്ദംകേട്ടാണ് എരുമേലി കാരിത്തോട് തോപ്പില്‍ തുമ്പമണ്‍ ടി.വി. തോമസ് (കുഞ്ഞുമോന്‍-76)കൃഷിയിടത്തില്‍നിന്നും ഓടിയെത്തിയത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പേരമകന്‍ അനോണിനെ കാണാതായതോടെയാണ് കിണറ്റിലേക്ക് നോക്കിയത്. രണ്ടാള്‍ താഴ്ചയോളം വെള്ളമുള്ള കിണറ്റില്‍ അപ്പോള്‍ വെപ്രാളത്തില്‍ മുങ്ങിപ്പൊങ്ങുകയായിരുന്നു അനോണ്‍.

ഒരുതവണ ഹൃദയാഘാതം വന്നിട്ടുള്ള കുഞ്ഞുമോന് സ്വന്തം ജീവെനക്കുറിച്ച് ആലോചിക്കാനേയുണ്ടായിരുന്നില്ല. പ്രായത്തിന്റെ അവശതയും തടസമായില്ല. കയര്‍കെട്ടി കിണറ്റിലേക്ക് പകുതി ഇറങ്ങിയശേഷം വെള്ളത്തിലേക്ക് ചാടി അനോണെ കൈയിലുയര്‍ത്തി നിര്‍ത്തി. ഈ സമയം അനോണിന്റെ അച്ഛന്‍ സജി വീട്ടിലുണ്ടായിരുന്നില്ല. സംഭവമറിഞ്ഞ് സജിയും നാട്ടുകാരും ഓടിയെത്തിയാണ് ഇരുവരെയും കിണറ്റില്‍നിന്നും കയറ്റിയത്.

കിണറ്റിലിറങ്ങിയ സജി ഏണിയില്‍ കിണറിന്റെ പകുതിഭാഗംവരെ കുട്ടിയെ എത്തിച്ചപ്പോള്‍ അയല്‍ക്കാര്‍ ചെമ്പുരുളി കെട്ടിയിറക്കി കുട്ടിയെ മേലേക്ക് കയറ്റുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി ചെരിപ്പ് കാണാഞ്ഞതിനെതുടര്‍ന്ന് മറകെട്ടിയ കിണറ്റിലേക്ക് എത്തി നോക്കുന്നതിനിടെ വീഴുകയായിരുന്നു. കൊല്ലമുള ലിറ്റില്‍ഫ്‌ലവര്‍ പബ്ലിക് സ്‌കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ്, കാരിത്തോട് തോപ്പില്‍ തുമ്പമണ്‍ സജി-സജി ദമ്പതികളുടെ മകന്‍ അനോണ്‍.

 

 




MathrubhumiMatrimonial