Crime News

ഒറ്റപ്പാലം കണ്ണിയംപുറത്ത് രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു

Posted on: 28 Apr 2015


ഒറ്റപ്പാലം: കണ്ണിയംപുറത്ത് മദ്യപാനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ അടിപിടിയില്‍ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു. സൗത്ത് പനമണ്ണ കിഴക്കീട്ടില്‍ സുകുമാരന്റെയും നാണിക്കുട്ടിയുടെയും മകന്‍ സുമേഷ് (27), സൗത്ത് പനമണ്ണ ഒറവില്‍ ഗോപകുമാറിന്റെയും ചന്ദ്രികയുടെയും മകന്‍ ഗോപാല്‍ ശങ്കര്‍ (അജി-28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് കണ്ണിയംപുറം ജെ.കെ. നഗര്‍ ചപ്പിലത്തൊടി പ്രജീനിന്റെ (25) പേരില്‍ കൊലപാതകത്തിന് കേസെടുത്തു. ഓട്ടോഡ്രൈവറായ ഇയാള്‍ തൃക്കങ്ങോട്ട് വാടകവീട്ടിലാണ് താമസം.

ഞായറാഴ്ച രാത്രി 9.30-ഓടെ പ്രജീനിന്റെ വീടിന് മുമ്പിലെ റോഡിലാണ് അക്രമം നടന്നത്. ആക്രമിക്കാനായി സംഘം എത്തിയപ്പോള്‍ പ്രജീന്‍ കത്തിയെടുത്ത് ഇരുവരുടെയും നെഞ്ചിന് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സുമേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗോപാല്‍ ശങ്കറെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കണ്ണിയംപുറത്ത് പൂരാഘോഷം നടന്ന ഞായറാഴ്ച ഉച്ചയോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പോലീസ് പറഞ്ഞു.
പ്രജീനും കൂട്ടുകാരും ഭാരതപ്പുഴയിലെ കണ്ണിയംപുറം കൂനംതുള്ളി കടവിന് സമീപത്ത് മദ്യപിക്കാനെത്തി. മഴ പെയ്തപ്പോള്‍ റെയില്‍വേട്രാക്കിന് സമീപത്തെ ഉണ്ണിക്കൃഷ്ണന്റെ വര്‍ക്ഷോപ്പിലേക്ക് കയറി. ഇവിടേക്ക് എത്തിയ ഉണ്ണിക്കൃഷ്ണനും സുഹൃത്തുക്കളും ഇത് ചോദ്യംചെയ്തതോടെ അടിപിടിയായി. ഉണ്ണിക്കൃഷ്ണനും സുഹൃത്തുക്കള്‍ക്കും മര്‍ദനമേറ്റു. വൈകീട്ട് വീണ്ടും അടിപിടിയുണ്ടായി.

ഇതിന്റെ പ്രതികാരത്തിന് രാത്രി 9.30-ഓടെ സുമേഷും ഗോപാല്‍ ശങ്കറുമടങ്ങിയ സംഘം രണ്ട് ഓട്ടോയിലായി പ്രജീനിന്റെ വീട്ടിലെത്തുകയായിരുന്നു. വീടിന് മുമ്പില്‍ സ്‌കൂട്ടറിലിരുന്ന് സുഹൃത്തുക്കളുമായി സംസാരിക്കുകയായിരുന്നു പ്രജീന്‍. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് കുത്തേറ്റത്. പ്രജീനിനും മര്‍ദിക്കുന്നത് തടയാനെത്തിയ അമ്മ പുഷ്പലതയ്ക്കും (52) പരിക്കുണ്ട്. മരിച്ച സുമേഷ് ഓട്ടോഡ്രൈവറാണ്. സഹോദരങ്ങള്‍: സന്തോഷ്, നിമിഷ. സ്വകാര്യബസ് ഡ്രൈവറാണ് ഗോപാല്‍ ശങ്കര്‍. ഭാര്യ: ഗോപിക, മകന്‍: അവിനാഷ്. സഹോദരങ്ങള്‍: ഗോപാലകൃഷ്ണന്‍, ഗോപികുമാര്‍.

 

 




MathrubhumiMatrimonial