
വിദ്യാര്‍ഥിനിയുടെ ഫോണ്‍ മോഷ്ടിച്ച് അശ്ലീല സന്ദേശമയച്ച വിദ്യാര്‍ഥി അറസ്റ്റില്‍
Posted on: 28 Apr 2015

ചട്ടഞ്ചാല്‍ തായല്‍ ബെണ്ടിച്ചാലിലെ ബി.എച്ച്.ഇല്യാസ് (18) ആണ് അറസ്റ്റിലായത്. ഈ മാസം 23-നാണ് സംഭവങ്ങളുടെ തുടക്കം. പൊയിനാച്ചിയിലെ ഡെന്റല്‍ കോളേജിലെ ഒരു വിദ്യാര്‍ഥിനി ബേര്‍ക്കയിലെ കല്യാണച്ചടങ്ങില്‍ പങ്കെടുത്തപ്പോഴാണ് സ്മാര്‍ട്ട് ഫോണ്‍ നഷ്ടപ്പെട്ടത്. ഇതിനിടെ ഈ ഫോണില്‍നിന്ന് വിദ്യാര്‍ഥിനിയുടെ കൂട്ടുകാരികള്‍ക്ക് വാട്‌സ് ആപ്പ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങള്‍ പോവുകയായിരുന്നു. നമ്പറിലേക്ക് ഫോണ്‍ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനോടുപറഞ്ഞ് ഗ്രൂപ്പ് ബ്ലോക്ക് ചെയ്യാന്‍ വിദ്യാര്‍ഥിനി ആവശ്യപ്പെട്ടു.
ഗ്രൂപ്പ് ബ്ലോക്കായതോടെ സ്വന്തം ഫോണിലൂടെ ഇല്യാസ് പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശമയച്ചു.
സൈബര്‍ സെല്‍ സഹായത്തോടെയാണ് വിദ്യാനഗര്‍ പോലീസ് ഫോണ്‍ ഉപയോഗിക്കുന്ന ആളെ കണ്ടെത്തിയത്. ഇല്യാസിന്റെ ബന്ധുവിന്റെ പേരിലാണ് നമ്പറുള്ളത്. കാസര്‍കോട് സി.ജെ.എം. കോടതിയില്‍ ഹാജരാക്കിയ ഇല്യാസിനെ 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു.
