Crime News

തായലങ്ങാടിയില്‍ സഹകരണ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം

Posted on: 28 Apr 2015


കവര്‍ച്ച നടത്താനായി മോഷ്ടാക്കള്‍ ബാങ്കിന്റെ പിന്‍ഭാഗത്തെ ജനലഴികള്‍ മുറിച്ചുമാറ്റിയ നിലയില്‍

കാസര്‍കോട്: തായലങ്ങാടിയില്‍ ക്ലോക്ക് ടവറിന് സമീപത്തെ കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ ബ്രാഞ്ച് കൊള്ളയടിക്കാന്‍ ശ്രമം. സെക്യൂരിറ്റി ജീവനക്കാരന്‍ ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് കവര്‍ച്ചാ ശ്രമം ഉപേക്ഷിച്ച് കൊള്ളസംഘം രക്ഷപ്പെട്ടത്. ബാങ്കില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍, കട്ടര്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ബാങ്കിന്റെ പിറകുവശത്തെ ജനല്‍ ഗ്ലാസ് അഴിച്ചുവെച്ച് ഗ്രില്‍സ് മുറിച്ചാണ് കവര്‍ച്ചക്കാര്‍ അകത്തുകടന്നത്.

ബാങ്കിനകത്തെ ലോക്കറിലെ പൂട്ടുതകര്‍ക്കാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും വിജയിച്ചില്ല. തിങ്കളാഴ്ച പുലര്‍ച്ചെ 4.45 ഓടെ ശബ്ദം കേട്ടാണ് സെക്യൂരിറ്റി ജീവനക്കാരനായ അശോകന്‍ ബാങ്കിന് പിറകുവശം പരിശോധിച്ചത്. അപ്പോഴാണ് ജനാലയുടെ ഗ്ലാസ് അഴിച്ചുമാറ്റിയ നിലയിലും ഗ്രില്‍സ് മുറിച്ചുമാറ്റിയ നിലയിലും കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരം പോലീസിലും ബാങ്ക് അധികൃതരേയും അറിയിക്കുകയായിരുന്നു. ബാങ്കിന്റെ മുന്‍വശത്തെ ഷട്ടര്‍ അടച്ചശേഷം തൊട്ടടുത്തുള്ള വരാന്തയിലാണ് സെക്യൂരിറ്റി ജീവനക്കാരന്‍ ഉണ്ടായിരുന്നത്. ബാങ്കിനകത്തെ സി.സി.ടി.വി. സംവിധാനവും തകര്‍ത്തിട്ടുണ്ട്. സി.സി.ടി.വി. ഘടിപ്പിച്ചിരുന്ന എല്‍.സി.ഡി.മോണിറ്ററുകള്‍ വലിച്ചെറിഞ്ഞു. ബാങ്കില്‍ നിന്ന് ഒന്നും മോഷണം പോയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പി.കെ.സുധാകരന്റെ നേതൃത്വത്തില്‍ പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസ് ബാങ്ക് സന്ദര്‍ശിച്ചു.

 

 




MathrubhumiMatrimonial