Crime News

ഫെയ്‌സ്ബുക്കിലൂടെ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ പ്രതികള്‍ അറസ്റ്റില്‍

Posted on: 27 Apr 2015


കോഴിക്കോട്: ഫെയ്‌സ്ബുക്കിലൂടെ ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ എന്നീ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ടെന്നു പരസ്യംനല്‍കി 7,30,000 രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിലാണ് കണ്ണൂര്‍ മൂന്നാംപീടിക സ്വദേശി പുന്നത്ത് മിഥുന്‍(28), കോട്ടയം മോനിപ്പള്ളി സ്വദേശി ജോസഫ് സേവ്യര്‍ (30) എന്നിവരെ നടക്കാവ് പോലീസ് പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാര്‍ ബെംഗളൂരുവില്‍ അറസ്റ്റ്‌ചെയ്തത്.

കോട്ടയം സ്വദേശിയും കോഴിക്കോട് താമസക്കാരിയുമായ ഷീജാ റാണിയുടെ പരാതിയിലാണ് അറസ്റ്റ്. എട്ടുവര്‍ഷത്തോളമായി ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ പേയിങ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു പ്രതികള്‍.

റിക്രൂട്ട്‌മെന്റ് ഏജന്‍സികളില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍പരിചയമുപയോഗിച്ചായിരുന്നു തട്ടിപ്പ്. രണ്ടാംപ്രതിയായ ജോസഫ് സേവ്യറിന് ജനറല്‍ നഴ്‌സിങ് സര്‍ട്ടിഫിക്കറ്റുണ്ട്. ഇയാളുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ടില്‍ ബി.എസ്‌സി. നഴ്‌സിങ് സംഘത്തിന്റെ ഗ്രൂപ്പുണ്ടാക്കി ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ടെന്ന് പരസ്യംചെയ്തായിരുന്നു തട്ടിപ്പ്. ഒന്നാംപ്രതി മിഥുന്‍ പുന്നത്തിന്റെ ഫോണ്‍ നമ്പര്‍ അതില്‍ നല്‍കും. ഫോണില്‍ വിളിക്കുന്നവരെ ഇന്റര്‍വ്യൂചെയ്ത് തന്‍റെ എറണാകുളത്തെ യൂണിയന്‍ ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് പണം നിക്ഷേപിക്കാന്‍ പറയും.

രണ്ടുരീതിയലാണ് തട്ടിപ്പ്. ഗള്‍ഫിലേക്ക് നഴ്‌സിങ്ങിനു പോകുന്നവര്‍ക്കാവശ്യമുള്ള പ്രൊമെട്രിക് സര്‍ട്ടിഫിക്കറ്റുണ്ടോയെന്നാണ് ആദ്യം ചോദിക്കുക. ഇല്ലെങ്കില്‍ 10,200 രൂപ ഫീസായി നിക്ഷേപിച്ചാല്‍മതിയെന്നു പറയും. ഓണ്‍ലൈനില്‍ 15ദിവസംകൊണ്ടു ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റെടുത്തുനല്‍കുമെന്നാണു വാഗ്ദാനം. സംശയംതോന്നുന്ന ഉദ്യോഗാര്‍ഥികളോട് ബെംഗളൂരുവിലെ എതെങ്കിലും ഓഫീസിന്റെ വ്യാജമേല്‍വിലാസം നല്‍കി അവിടെ നേരിട്ടുവന്ന് പണമടയ്ക്കാനാവശ്യപ്പെട്ട് ഒഴിഞ്ഞുമാറും. ബാങ്കില്‍ നിക്ഷേപിക്കുന്നവരുടെ പണം എ.ടി.എം.വഴി പിന്‍വലിച്ച് ഇരുപ്രതികളും വീതിക്കുകയാണു പതിവ്.

പതിനഞ്ചുദിവസം കഴിഞ്ഞാല്‍ സിം നശിപ്പിച്ച് വെറെ രാജ്യത്തിന്റെ പുതിയ പരസ്യം നല്‍കി മറ്റൊരു ഫോണ്‍നമ്പര്‍ സഹിതം രംഗത്തുവരും. വിവിധ ഭാഷകള്‍ സംസാരിക്കുന്ന പ്രതികള്‍ കേരളത്തിനുപുറമെ മറ്റു സംസ്ഥാനങ്ങളിലും ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചിട്ടുണ്ട്.

ഒന്നാംപ്രതിയുടെ പേരില്‍ കണ്ണൂര്‍ പരിയാരം സ്‌റ്റേഷനില്‍ ഒരു കേസ് നിലവിലുണ്ട്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സബ് ഇന്‍സ്‌പെക്ടര്‍ ഉണ്ണിക്കൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ശ്രീനിവാസന്‍, എ.അനില്‍കുമാര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

 

 




MathrubhumiMatrimonial