
സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് പഠിക്കാന്‍ നടന്‍ ജയറാമിന്റെ വക ചെണ്ട
Posted on: 26 Apr 2015

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് ചെണ്ടമേളം അഭ്യസിക്കാന്‍ നടന്‍ ജയറാമിന്റെ വക ചെണ്ടകള്‍ ഇന്നെത്തും.
ജയിലിലെ 11 തടവുകാര്‍ നേരത്തേ ചെണ്ടമേളം അഭ്യസിച്ചിരുന്നു. അവരുടെ അരങ്ങേറ്റവും ഗംഭീരമായി നടത്തി.
ചെണ്ട വാടകയ്‌ക്കെടുത്തായിരുന്നു അന്ന് പഠിച്ചത്. ഇതിനിടെ ഒരു തടവുകാരന്‍ ചെണ്ടയില്ലാത്ത സങ്കടം പറഞ്ഞ് നടന്‍ ജയറാമിന് കത്തയച്ചു. കത്തിന് മറുപടിയായി പത്ത് ചെണ്ടകള്‍ നല്കാമെന്ന് ജയറാമും അറിയിച്ചു. ആ ചെണ്ടകള്‍ ഞായറാഴ്ച ജയറാം ഫാന്‍സ് അസോസിയേഷന്‍ കണ്ണൂരിലെത്തിക്കും.
രാവിലെ 10 മണിക്ക് സെന്‍ട്രല്‍ ജയിലില്‍ നടക്കുന്ന ചടങ്ങില്‍ ചെണ്ടകള്‍ എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ. ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പയ്ക്ക് കൈമാറും. കുന്ദംകുളത്ത് നിര്‍മിച്ച ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന 10 ചെണ്ടകളാണ് തടവുകാര്‍ക്ക് പഠിക്കാനെത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ പഠനം പൂര്‍ത്തിയായവര്‍ക്ക് കൂടുതല്‍ പരിശീലനം നേടാനും പുതിയ ആളുകള്‍ക്ക് ചെണ്ടപഠിക്കാനും ഇതിലൂടെ സാധിക്കും. ജയിലിലെ ആഘോഷവേളകളില്‍ ഇനി ചെണ്ടകൊട്ടുക തടവുകാരായിരിക്കും.
ജയറാം നേരിട്ടെത്തി ചെണ്ട കൈമാറണമെന്നായിരുന്നു ഉദ്ദേശിച്ചതെന്നും സിനിമാതിരക്കായതിനാലാണ് എത്താത്തതെന്നും ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ജൂണിലോ ജൂലായിലോ ജയറാം ജയില്‍ സന്ദര്‍ശിക്കുകയും തടവുകാര്‍ക്കൊപ്പം ചെണ്ടകൊട്ടുകയും ചെയ്യും.
