goodnews head

വിധിയെ തോല്‍പ്പിച്ച വിജയവുമായി പ്രണവ്‌

Posted on: 25 Apr 2015




കൊയിലാണ്ടി: സെറിബ്രെല്‍ പാള്‍സി ബാധിച്ച് കാലുകളുടെ ചലനശേഷി പൂര്‍ണമായും കൈകളുടേത് ഭാഗികമായും നഷ്ടപ്പെട്ട മകന്‍ വീട്ടില്‍ തളര്‍ന്നുകിടന്ന ആദ്യകാലത്ത് പ്രണവ് പ്രഭാകറിന്റെ എല്ലാമെല്ലാമായ അമ്മപോലും ഈ നേട്ടം ചിന്തിച്ചിട്ടുണ്ടാവില്ല.
കമ്പ്യൂട്ടറും മൊബൈലും സ്‌കൂളിലെത്താന്‍ വാഹനവും ടിഫിന്‍ ബോക്‌സ് നിറയെ ഭക്ഷണവുമായി എല്ലാസൗകര്യങ്ങളോടും കൂടി സ്‌കൂളുകളിലെത്തുന്നവര്‍ക്കിടയിലാണ് രോഗത്തോട് കീഴടങ്ങാന്‍ മനസ്സില്ലാതെ പ്രണവ് പ്രഭാകര്‍ എന്ന വിദ്യാര്‍ത്ഥി എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയിരിക്കുന്നത്. ഒന്‍പത് വിഷയങ്ങള്‍ക്ക് എ പ്ലസ്സും കണക്കിന് എ ഗ്രേഡും വാങ്ങിയ പ്രണവ് ഉറ്റവരുടെ പ്രതീക്ഷ കാത്തു.

പുളിയഞ്ചേരി പ്രണവത്തില്‍ വിജയലക്ഷ്മിയുടെയും പ്രഭാകരന്റെയും ഇളയ മകനായ പ്രണവ് ഒന്നാം ക്ലാസില്‍ പഠിച്ചത് പുളിയഞ്ചേരി എല്‍.പി. സ്‌കൂളിലായിരുന്നു. ചലനശേഷിയില്ലാതെ തളര്‍ന്നു കിടന്നിരുന്ന പ്രണവിനെ ഇരുകൈകളിലുമായി കോരിയെടുത്ത് സ്‌കൂളിലെത്തിച്ച മാതാപിതാക്കള്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മകന്‍ ഉന്നതവിജയം നേടിയ സന്തോഷത്തില്‍ മതിമറക്കുകയാണ്.
നാലാംക്ലാസ് കഴിഞ്ഞ് അഞ്ചിലേക്ക് ജയിച്ച പ്രണവിനെ പഠിപ്പിക്കാന്‍ തൊട്ടടുത്ത യു.പി. സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് ഏറെ പണിപ്പെട്ടതിനു ശേഷമാണ് മിനിസിവില്‍ സ്റ്റേഷന്‍ പരിസരത്തെ പന്തലായനി യു.പി. സ്‌കൂളില്‍ അഡ്മിഷന്‍ ലഭിക്കുന്നത്. കൈകാലുകള്‍ക്ക് ചലനശേഷിയില്ലാത്ത വിദ്യാര്‍ഥിയെ വലിയ താത്പര്യത്തോടെയായിരുന്നില്ല ആദ്യം സ്‌കൂള്‍ അധികൃതര്‍ കണ്ടത്. എന്നാല്‍, പ്രണവിന്റെ പഠനനിലവാരം ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് മനസ്സിലാക്കിയ അധ്യാപകര്‍ എല്ലാവിധ സഹായവുമായി മൂന്നുവര്‍ഷം കൂടെത്തന്നെ നിന്നു.

കൊയിലാണ്ടി ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പിന്നീട് പ്രണവിന്റെ പഠനം. ദിവസവും രാവിലെ പ്രണവിനൊപ്പം സ്‌കൂളിലെത്തുന്ന അമ്മ വിജയലക്ഷ്മി വൈകിട്ട് സ്‌കൂള്‍ വിടുമ്പോഴാണ് വീട്ടിലേക്ക് തിരിക്കുക. കൈകള്‍ക്ക് ചലന ശേഷിയില്ലാത്തതിനാല്‍ സഹായിയെവെച്ചാണ് പ്രണവ് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിയത്. ചെറിയ മാനസിക വിഷമത്തെത്തുടര്‍ന്ന് പത്താം ക്ലാസില്‍ പഠനം നിര്‍ത്താനൊരുങ്ങിയ തന്നെ ത്തേടി വീട്ടിലെത്തിയ അധ്യാപികമാരായ ബിജിലയും ദീപയും തന്റെ സ്വപ്നങ്ങളെ താങ്ങിനിര്‍ത്തിയെന്ന് പ്രണവ് പറഞ്ഞു.

പ്ലസ് ടുവിന് ഹ്യുമാനിറ്റീസ് ?പഠിച്ചതിനുശേഷം തുടര്‍പഠനം നടത്തി ഒരധ്യാപകനാകാനാണ് പ്രണവിന്റെ മോഹം. പ്രണവിനെ ദിവസവും സ്‌കൂളിലെത്തിച്ച് തിരിച്ച് കൊണ്ടുവരാന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോഴും മറ്റ് പല പ്രതിസന്ധികളെയും മുഖാമുഖം കണ്ടപ്പോഴും തളരാതെ മകന് കൈത്താങ്ങായി നിന്ന മാതാപിതാക്കളും തന്റെ ശാരീരിക ബുദ്ധിമുട്ടുകളെ തെല്ലും ഭയപ്പെടാതെ സ്വപ്നത്തിലേക്ക് അതിവേഗം സഞ്ചരിക്കുന്ന പ്രണവും സമൂഹത്തിന് പുതിയ മാതൃകയാവുകയാണ്. വിധിയെ തോല്‍പ്പിച്ച ജീവിതസമരത്തിന്റെ മാതൃക.

 

 




MathrubhumiMatrimonial