
മൊബൈല്‍ ഫോണില്‍ സന്ദേശമയച്ച് പണം തട്ടിയ രാജ്യാന്തര സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Posted on: 24 Apr 2015

പാകിസ്താനില്‍നിന്നുള്ള നിര്‍ദ്ദേശപ്രകാരം തട്ടിപ്പുനടത്തിയ രാജ്യാന്തര സംഘത്തില്‍പ്പെട്ട കോയമ്പത്തൂര്‍ ശരവണപ്പെട്ടി ജി.കെ.എസ്.നഗറില്‍ ഡി.കാര്‍ത്തിക് (31) ആണ് കൊല്ലം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. ഫോണ്‍, ഇ മെയില്‍ വഴി പണം തട്ടുന്ന അന്താരാഷ്ട്ര ഗൂഢസംഘത്തിലെ പ്രധാന കണ്ണിയാണ് കാര്‍ത്തിക് എന്ന് അന്വേഷണസംഘം ഡിവൈ.എസ്.പി. സര്‍ജു പ്രസാദ് പറഞ്ഞു. സംഭവത്തിന് പിന്നില്‍ പാകിസ്താന്‍ സംഘമെന്നും സംശയിക്കുന്നുണ്ട്. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ നായിക് ഹിമാചല്‍പ്രദേശുകാരനായ രാജീവ്കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. കാര്‍ത്തിക്കിനെ നോട്ടീസ് നല്‍കി കൊല്ലത്തെ ഓഫീസില്‍ വിളിച്ചുവരുത്തുകയായിരുന്നു.
25 ലക്ഷം രൂപയുടെ എയര്‍ടെല്‍ ലോട്ടറി അടിച്ചെന്ന് ഫോണ്‍ സന്ദേശത്തിന് പുറമെ നേരില്‍വിളിച്ചും പത്തുപേരുടെ പതിനൊന്ന് അക്കൗണ്ടുകളിലേക്ക് സൈനികനെക്കൊണ്ട് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ലോട്ടറി തുക കിട്ടാന്‍ പ്രോസസിങ് ഫീസിനത്തിലാണ് 2012 ജൂലായ് മുതല്‍ ആഗസ്ത് 16 വരെയുള്ള കാലയളവില്‍ രാജീവ് പണം നല്‍കിയത്. എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ. ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാനായിരുന്നു ഫോണ്‍ സന്ദേശം. അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ നല്‍കിയ ഫോണ്‍ സന്ദേശങ്ങളെല്ലാം പാകിസ്താനില്‍നിന്നുള്ള അഞ്ച് സിംകാര്‍ഡും അവിടത്തെ ഫോണും ഉപയോഗിച്ചായിരുന്നു.
മുംബൈയിലെ ബാങ്ക് അക്കൗണ്ടില്‍ 30,000, ഹൈദരാബാദിലെ മൂന്ന് അക്കൗണ്ടുകളിലായി 49,000, കൊല്‍ക്കത്ത ബറസാതിലെ ശാഖയില്‍ 20,000, ബര്‍ദാനില്‍ 20,000, മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ ശാഖയില്‍ 59,000, ഇവിടത്തെതന്നെ മറ്റ് രണ്ട് ബാങ്കിലായി 60,000 കാര്‍ത്തികിന്റെ അക്കൗണ്ടില്‍ 1,95,000 രൂപ എന്നിങ്ങനെയാണ് സൈനികന്‍ നിക്ഷേപിച്ചത്. ഇതിന്റെ വിശദാംശങ്ങളെല്ലാം പോലീസ് ശേഖരിച്ചുകഴിഞ്ഞു.
ലോട്ടറിത്തുക കിട്ടാതെ സംശയം തോന്നിയ സൈനികന്‍ പൂജപ്പുര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 2013ലാണ് കൊല്ലം ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.
തട്ടിപ്പ് മനസ്സിലായ ഉടന്‍തന്നെ പാങ്ങോട് മിലിട്ടറി ക്യാമ്പ് അധികൃതര്‍ക്കും രാജീവ്കുമാര്‍ പരാതി നല്‍കിയിരുന്നു. സന്ദേശം വന്ന ഫോണും സിംകാര്‍ഡും ഏല്‍പ്പിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് മിലിട്ടറി ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിലാണ് പാകിസ്താനിലുള്ള മൊബൈല്‍ കണക്ഷനുകളുപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായത്.
മിലിട്ടറി ഇന്റലിജന്‍സ് അക്കൗണ്ട് വിവരങ്ങളും പണം കൈപ്പറ്റിയവരുടെ വിശദാംശങ്ങളും കേരള പോലീസിന്റെ സൗത്ത് സോണ്‍ എ.ഡി.ജി.പി.ക്ക് നല്‍കി. തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. എസ്.പി. ടി.എഫ്.സേവ്യറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
അറസ്റ്റിലായ കാര്‍ത്തിക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കോടിക്കണക്കിന് രൂപയുടെ ഇടപാട് നടത്തിയിരുന്നതായി സര്‍ജു പ്രസാദ് പറഞ്ഞു. പണം കൈപ്പറ്റിയ അക്കൗണ്ടുകള്‍ കൂടാതെ വിവിധ ബാങ്കുകളിലായി നിരവധി അക്കൗണ്ടുകളും വന്‍ നിക്ഷേപവും ഇയാള്‍ക്കുണ്ട്. ചൈന, സിംഗപ്പുര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള കാര്‍ത്തികിന് ബംഗ്ലാദേശുകാരനായ റൊമാനുള്‍ എന്നയാളുമായി അനധികൃത കറന്‍സി ഇടപാടുമുണ്ട്. പണം കൈപ്പറ്റിയ കൊല്‍ക്കത്ത സ്വദേശി പലാഷ് കുമാര്‍ ചന്ദയടക്കമുള്ളവരുമായി ഇയാള്‍ക്കുള്ള ബന്ധവും അന്വേഷിക്കുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തുടരന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങി കോയമ്പത്തൂരിലേക്ക് കൊണ്ടുപോകും. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരും. എസ്.ഐ. പ്രദീപ്കുമാര്‍, എസ്.സി.പി.ഒ. അനില്‍കുമാര്‍, സി.പി.ഒ. ബിജുകുമാര്‍, വികാസ്, സജികുമാര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണിയാളെ കുടുക്കിയത്.
