
കരയുന്ന കുഞ്ഞുങ്ങള്‍ക്ക് ഐസ്‌ക്രീം നല്കി മാല മോഷ്ടിക്കുന്ന 'ചെറുസംഘം' അറസ്റ്റില്‍
Posted on: 24 Apr 2015

മഞ്ചേശ്വരം: കല്യാണ ഓഡിറ്റോറിയം പരിസരങ്ങളില്‍ കരയുന്ന കുഞ്ഞുങ്ങള്‍ക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുത്ത് അവരുടെ സ്വര്‍ണാഭരണം മോഷ്ടിക്കുന്ന 'ചെറുസംഘം' അറസ്റ്റില്‍. 19-ഉും 20-ഉും വയസ്സുള്ള കര്‍ണാടക സ്വദേശികളായ യുവാക്കളെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ്‌ചെയ്തത്.
കര്‍ണാടക ഗൊണാജെ സ്വദേശി ശ്രീജിത് (20), മംഗലാപുരം പഞ്ചനാടി സ്വദേശി സച്ചിന്‍ (19), മംഗലാപുരം മൂഡിഷഡ്ഡെയിലെ ആദര്‍ശ് പിള്ള (19) എന്നിവരാണ് അറസ്റ്റിലായത്. മഞ്ചേശ്വരം എസ്.ഐ. പി.പ്രമോദ്, അഡീഷണല്‍ എസ്.ഐ. പി.വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. തലപ്പാടി വികാസ് കല്യാണമണ്ഡപത്തില്‍നിന്ന് വിവാഹച്ചടങ്ങിനിടയില്‍ രണ്ടു കുട്ടികളുടെ മാല കവര്‍ന്നതിനാണ് ഇവരെ അറസ്റ്റ്‌ചെയ്തത്. കര്‍ണാടകയിലും മറ്റുമായി ഇവരുടെ പേരില്‍ മോഷണക്കേസ് നിലവിലുണ്ട്. വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തില്‍ കടന്നുകൂടി കുട്ടികള്‍ക്ക് ഐസ്‌ക്രീം വാങ്ങി നല്‍കിയാണ് മോഷണം.
ഗോളിമൂറിലെ ആനന്ദിന്റെ ആറ് വയസുള്ള കുട്ടിയുടെ രണ്ടര പവന്‍ മാലയാണ് കവര്‍ന്നത്. ഉദ്യാവാറിലെ സദാനന്ദന്റെ മകന്റെ ഒന്നര പവന്റെ സ്വര്‍ണവും മോഷ്ടിച്ചു. ഇവരുടെ പരാതിയിലാണ് കേസ്.
