
ഭാഗ്യജാതന്‍-അടിയാട്ട് അയ്യപ്പന്‍
Posted on: 08 Sep 2009
-ശ്രീകുമാര്‍ അരൂക്കുറ്റി

'ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം' എന്നത് പഴമൊഴി. ഉണ്ണിപ്രായത്തില്‍ ഒരുവന്റെ ശരീരപ്രകൃതി കണ്ടാല്‍ അവന്റെ വരുംകാല ശരീരപ്രകൃതി വിലയിരുത്താന്‍ കഴിയുമോ എന്നകാര്യം സംശയമാണ്. മനുഷ്യന്റെ കാര്യം എങ്ങനെയായിരുന്നാലും ശരി, ബാഹ്യസൗന്ദര്യത്തിനും അംഗോപാംഗ ലക്ഷണത്തികവുകള്‍ക്കും പ്രാധാന്യമുള്ള കേരളത്തിലെ നാട്ടാനകളുടെ ലോകത്ത് കുട്ടിയാനകളെന്ന ആനയുണ്ണികളുടെ മുഖശ്രീക്കും ലക്ഷണസൂചനകള്‍ക്കും വലിയ പ്രസക്തിയും കൃത്യമായ കച്ചവടമൂല്യവുമുണ്ട്.
എന്നാല്‍, ചെറിയ പ്രായത്തില്‍ ആരും വലിയ പ്രതീക്ഷയൊന്നും കല്‍പ്പിക്കാതിരിക്കുകയും, അത്രകണ്ട് മേന്‍മയൊന്നും പ്രകടമാക്കാതിരിക്കുകയും ചെയ്യുന്ന ചില 'വെറും ശരാശരിക്കാര്‍' പില്‍ക്കാലത്ത് ലോകത്തെ മുഴുവന്‍ ഞെട്ടിക്കുന്ന അത്ഭുതസുന്ദരന്‍മാരായി മാറിയിട്ടുണ്ടെന്നതും പച്ചപ്പരമാര്‍ഥം. തെച്ചിക്കോട്ട്കാവ് രാമചന്ദ്രനും മംഗലാംകുന്ന് അയ്യപ്പനും ഒക്കെ നല്ല ഉദാഹരണങ്ങളാണ്.
അതേസമയം, സഹ്യപുത്രന്‍മാരെന്ന നാടനാനകള്‍ക്കിടയില്‍ ചെറുപ്രായത്തില്‍ തന്നെ ലക്ഷണത്തികവുകളുടെ മിന്നലാട്ടങ്ങള്‍ പ്രകടിപ്പിക്കുകയും, പിന്നീട് വളര്‍ച്ചയുടെ ഓരോ പടവിലും തന്റെ മേലുള്ള ലോകത്തിന്റെ പ്രതീക്ഷ ഉത്തരോത്തരം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന ഒരു ഗജകുമാരന്‍ മലയാളക്കരയുടെ കണ്ണിലുണ്ണിയായില്ലങ്കിലല്ലേ അത്ഭുതമുള്ളു. അപൂര്‍വ സുന്ദരമായ രൂപസൗകുമാര്യത്തിനൊപ്പം ആരും കൊതിക്കുന്ന ഭാഗ്യജാതകവും ശരിസ്സില്‍ വരയ്ക്കപ്പെട്ട ഒരു ഗജകുമാരന്‍, അതാണ് അടിയാട്ട് അയ്യപ്പന്‍.
ഭാവിവാഗ്ദാനം എന്ന നിലയ്ക്ക് ആനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഈ ഗജകുമാരന്റെ ഏറ്റവും വലിയ പൊന്‍തിളക്കങ്ങള്‍, ലക്ഷണശാസ്ത്രങ്ങള്‍ അനുശാസിക്കും വിധമുള്ള കിറുകൃത്യമായ അവയവഭംഗി തന്നെയാണ്. വീണെടുത്ത കൊമ്പുകളും നിലംപറ്റുന്ന തുമ്പികൈയും വിരിഞ്ഞ മസ്തകവും കരിങ്കറുപ്പ് നിറവും മോശമല്ലാത്ത ഇടനീളവുമൊക്കെ അടിയാട്ട് അയ്യപ്പനെ കാഴ്ചയുടെ പള്ളിത്തേരാക്കി മാറ്റുന്നു.

കേവലം 20 വയസിന് താഴെ മാത്രം പ്രായമുള്ളപ്പോള്‍ തന്നെ അത്യാവശ്യം എഴുന്നെള്ളിപ്പുകളില്‍ കൂട്ടത്തില്‍ കയറ്റിനിര്‍ത്താന്‍ പാകത്തിലുള്ള ഉയരത്തിലേക്ക് എത്തിക്കഴിഞ്ഞ അയ്യപ്പനെപ്പോലുള്ള ഒരു സഹ്യപുത്രന്‍, ഒമ്പതരയടിയൊക്കെ എത്തിയാല്‍ തന്നെ ആനക്കമ്പക്കാര്‍ക്ക് അത് മനസ്സുകുളിര്‍പ്പിക്കുന്ന കാഴ്ചയായിരിക്കും. ഒമ്പതര അടിക്ക് മേലോട്ടുള്ള ഒരോ ഇഞ്ച് വളര്‍ച്ചയും ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്യും.
തൃശ്ശൂര്‍ സ്വദേശിയും ഗള്‍ഫിലെ വ്യവസായ പ്രമുഖനുമായ ടി.എ.സുന്ദര്‍മേനോന്റെ മാനസപുത്രനും അഭിമാനവുമാണ് അയ്യപ്പന്‍. കണ്ണുവെച്ചവര്‍ക്കെല്ലാം കിട്ടാക്കനിയായി ഏവരെയും കൊതിപ്പിച്ചുകൊണ്ട് വിലസിയിരുന്ന പൂക്കോടന്‍ ശിവനെന്ന ആനച്ചന്തത്തെ, അന്നേവരെ ആരും കേട്ടിട്ടില്ലാത്ത അത്രയും വലിയ ആനവില നല്‍കി സ്വന്തമാക്കി, തൃശ്ശൂര്‍ പൂരത്തിന്റെ പൊന്‍തിടമ്പേറ്റുവാനായി 'തിരുവമ്പാടി ശിവസുന്ദറാ'ക്കി നടയ്ക്കിരുത്തിയ വ്യക്തിയാണ് സുന്ദര്‍മേനോന്‍. ശിവസുന്ദറിനെപ്പോലെ ഒരാനക്കുട്ടി തെക്കന്‍നാട്ടില്‍ നില്‍ക്കുന്നുണ്ട് എന്നറിഞ്ഞാണ് സുന്ദര്‍മേനോനും സുഹൃത്തുക്കളും അയ്യപ്പനെ തേടിയെത്തിയതും, മോഹവില നല്‍കി അവനെ സ്വന്തമാക്കിയതും.
ആനപ്രേമികള്‍ക്കിടയില്‍ 'ജൂനിയര്‍ ശിവസുന്ദര്‍' എന്നും അറിയപ്പെടുന്ന അയ്യപ്പന്റെ മറ്റൊരു സവിശേഷത, ചുണ്ടില്‍ വെള്ളിക്കരണ്ടിയുമായി പിറന്നുവീണവന്‍ എന്ന് വ്യാഖ്യാനിക്കാന്‍ പാകത്തിലുള്ള അവന്റെ ജാതകവിശേഷമാണ്. ഭൂമിമലയാളത്തില്‍ ഒരു നാട്ടാനയ്ക്ക് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും വലിയ സുഖസൗകര്യങ്ങള്‍ ഒരുക്കിയാണ് സുന്ദര്‍മേനോന്‍ ഇവനെ പോറ്റുന്നത്. ആനയ്ക്ക് സ്വിമ്മിങ്പൂളും ഷവര്‍ബാത്തും ഉള്‍പ്പടെ, അയ്യപ്പന്റെ പാപ്പാന്‍മാര്‍ക്ക് വരെ 'സ്റ്റാര്‍ സൗകര്യങ്ങളാ'ണ് ഉള്ളതെന്ന് പറയുമ്പോള്‍ തീര്‍ച്ചയായും ഉറപ്പിക്കാം, ഈ ആനയുടമയ്ക്ക് ഗജപരിപാലനം എന്നത് ലാഭത്തിന് വേണ്ടിയുള്ള ഏര്‍പ്പാട് എന്നതിലുപരി അത് ആത്മാവിന്റെ ഭാഗം തന്നെയാണ്.
ഇന്നത്തെ ഉടമയുടെ പക്കലേക്ക് എത്തുന്നതിന് മുമ്പും അയ്യപ്പന്‍ പേരുകേട്ട ഒരു ആനത്തറവാട്ടിലെ അരുമയായിരുന്നു എന്നതാണ് വാസ്തവം. കേരളരാഷ്ട്രീയത്തിലെ അതികായനും ആനപ്രേമിയുമായ ആര്‍. ബാലകൃഷ്ണപിള്ളയുടെ കീഴൂട്ട് തറവാട്ടില്‍ നിന്നുമാണ് ഇവന്‍ സുന്ദര്‍മേനോന്റെ സ്വന്തമായി പൂരനഗരിയിലേക്ക് എത്തുന്നത്.
കൊട്ടാരക്കരയില്‍ നിന്നും പോന്ന ശേഷം, ഏതാണ്ട് അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം, ഇവനെ കാണാന്‍ ബാലകൃഷ്ണപിള്ളയുടെ പുത്രനും പ്രമുഖനടനുമായ ഗണേശ്കുമാര്‍ സുന്ദര്‍മേനോന്റെ വീട്ടിലെത്തിയ സന്ദര്‍ഭം ഈ ലേഖകന്റെ ആനയനുഭവങ്ങളിലെ അവസ്മരണീയമായ ഒന്നാണ്. അവസാനമായി ആ ആനക്കുട്ടിയെ കണ്ടിട്ട് അഞ്ച് വര്‍ഷം കടന്നുപോയിരിക്കുന്നു. എങ്കിലും, മുമ്പ് വിളിച്ചിരുന്ന അതേ പേര്‍ചൊല്ലി അവനെ ഗണേശ് കുമാര്‍ വിളിച്ചപ്പോള്‍, ഏതാനും നിമിഷം നിര്‍നിമേഷനായി ഗണേശിന്റെ മുഖത്തുതന്നെ നോക്കിനിന്ന ശേഷം തിരിച്ചറിഞ്ഞാലെന്ന പോലെ തലകുലുക്കിയ അയ്യപ്പന്റെ ദൃശ്യം മനസില്‍ മായാതെ നില്‍ക്കുന്നു.
പാലക്കാട് ചിറ്റൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍ നിന്ന് ഗജകുമാരപ്പട്ടം നേടിയ അടിയാട്ട് അയ്യപ്പന്റെ ചുവടുവെയ്പ്പുകള്‍ക്കും ചരിത്രനിര്‍മിതിക്കുമായി കാത്തിരിക്കാം.
sreekumararookutty@gmail.com
Tags: Elephant, Kerala Festivals, Anachantham, Adiyatt Ayyappan
