
കൊച്ചി വിമാനത്താവളത്തില്‍ ലക്ഷങ്ങളുടെ മയില്‍പ്പീലിയും നക്ഷത്ര ആമകളും പിടിയില്‍
Posted on: 23 Apr 2015

നെടുമ്പാശ്ശേരി: വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 16.25 ലക്ഷം രൂപയുടെ മയില്‍പ്പീലിയും 15 ലക്ഷം രുപയുടെ നക്ഷത്ര ആമകളും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. യുവതി അടക്കം 4 പേരെ അറസ്റ്റ് ചെയ്തു. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് മയില്‍പ്പീലിയും നക്ഷത്ര ആമകളും പിടികൂടിയത്. തൃശ്ശൂര്‍ സ്വദേശികളായ രവീന്ദ്രന്‍ (64), രോഷ്ണി (26) എന്നിവരാണ് മയില്‍പ്പീലി കടത്താന്‍ ശ്രമിച്ചതിന് പിടിയിലായത്.
ചെന്നൈ സ്വദേശികളായ മുഹമ്മദ് ബീരാന്‍ (52), മുഹമ്മദ് അബ്ദുള്ള (51) എന്നിവരാണ് നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി മലിന്‍ഡോ എയര്‍ വിമാനത്തില്‍ ക്വാലാലംപൂരിലേയ്ക്ക്്് പോകാനെത്തിയതാണ് രവീന്ദ്രനും രോഷ്്്ണിയും. രവീന്ദ്രന്‍ ധ്യാന ഗുരുവാണെന്ന് പറയപ്പെടുന്നു. ശിഷ്യയാണ് രോഷ്്്ണി.

മലേഷ്യയിലെ ഒരു ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോയതാണ് മയില്‍പ്പീലിയെന്നും ഇത് വിദേശത്തേയ്ക്ക് കൊണ്ടുപോകാന്‍ പാടില്ലെന്ന് അറിയില്ലായിരുന്നുവെന്നുമാണ് രവീന്ദ്രന്‍ മൊഴി നല്‍കിയിരിക്കുന്നത്. 65 കിലോ മയില്‍പ്പീലിയാണ് പിടികൂടിയിരിക്കുന്നത്. ചെക്ക്-ഇന്‍ ബാഗേജിലാണ് മയില്‍പ്പീലി വെച്ചിരുന്നത്. വസ്ത്രങ്ങളാണെന്ന വ്യാജേനയാണ് മയില്‍പ്പീലി കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നി കസ്റ്റംസ് വിഭാഗം ബാഗേജ് തുറന്നു പരിശോധിച്ചപ്പോഴാണ് മയില്‍പ്പീലി കണ്ടെത്തിയത്. ചെന്നൈയില്‍ നിന്നാണ് ഇവര്‍ക്ക്്് മയില്‍പ്പീലി കിട്ടിയത്.
ചൊവ്വാഴ്ച രാത്രി മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ക്വാലാലംപൂരിലേയ്ക്ക്്് പോകാനെത്തിയപ്പോഴാണ് മുഹമ്മദ് ബീരാന്‍ നക്ഷത്ര ആമകളുമായി പിടിയിലായത്. 29 ആമകള്‍ ഉണ്ടായിരുന്നു. 2000 രൂപ വാഗ്ദാനം ചെയ്ത് ഒരാള്‍ വിമാനത്താവളത്തില്‍ വെച്ച് ആമകളടങ്ങിയ ബാഗ്്് കൈമാറുകയായിരുന്നുവെന്നാണ് പിടിയിലായ മുഹമ്മദ് ബീരാന്‍ മൊഴി നല്‍കിയിരിക്കുന്നത്.

മുഹമ്മദ് ബീരാന്‍ നക്ഷത്ര ആമകളുമായി പിടിയിലായതറിഞ്ഞ് വിവരങ്ങള്‍ തിരക്കാന്‍ കാലടി കാരക്കാട് ഫോറസ്റ്റ് സ്റ്റേഷനില്‍ ചെന്നപ്പോഴാണ് മുഹമ്മദ് അബ്ദുള്ള പിടിയിലായത്. മുഹമ്മദ് അബ്ദുള്ളയാണ് തനിക്ക് വിമാനത്താവളത്തില്‍ വെച്ച് ആമകളടങ്ങിയ ബാഗ് കൈമാറിയതെന്ന് മുഹമ്മദ് ബീരാന്‍ വെളിപ്പെടുത്തിയതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുഹമ്മദ് അബ്ദുള്ളയെ അറസ്റ്റ് ചെയ്യുകയായാരുന്നു.
മുഹമ്മദ് അബ്ദുള്ള ചെന്നൈ സ്വദേശിയാണെങ്കിലും ഇപ്പോള്‍ ചേര്‍ത്തല തുറവൂരിലാണ് താമസം. അറസ്റ്റിലായ 4 പേരെയും വ്യാഴാഴ്ച കാലടി കോടതിയില്‍ ഹാജരാക്കും. മയില്‍പ്പീലിയും നക്ഷത്ര ആമകളും വീട്ടിലുണ്ടായാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് മലേഷ്യയിലും മറ്റും വിശ്വാസമുണ്ട്. അതിനാല്‍ മലേഷ്യയിലും മറ്റും വന്‍ തുകയാണ് ഇവയ്ക്ക് ലഭിക്കുന്നത്.
