goodnews head

പ്രിയ ടീച്ചര്‍ക്കുള്ള ഗുരുദക്ഷിണയുമായി ഓള്‍ഡ് ബോയ്‌സ്

Posted on: 22 Apr 2015

ജീവ് ടോം മാത്യു




ടെലി മെഡിസിന്‍ ഉള്‍പ്പെടെയുള്ള സങ്കേതങ്ങള്‍ ആദ്യമായി ഉപയോഗിക്കുന്ന മെഡിക്കല്‍ ക്യാമ്പ് എന്ന ഖ്യാതിയോടെ തൊടുപുഴയിലെ സര്‍ക്കാര്‍ വൃദ്ധ സദനത്തില്‍ ഓള്‍ഡ് ബോയിസിന്റെ വിശിഷ്ട സേവനം. ഈ ഓള്‍ഡ് ബോയിസ് ആരാണെന്നല്ലെ..പറയാം..

കഴക്കൂട്ടം സൈനിക് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മയാണ് ഓള്‍ഡ് ബോയ്‌സ് അസോസിയേഷന്‍. ഇത് പതിവുള്ളതു പോലെ സാമൂഹ്യ പ്രതിബന്ധത തിളച്ച് കയറുമ്പോള്‍ നടപ്പാക്കിയ വെറുമൊരു മെഡിക്കല്‍ ക്യാമ്പല്ല. പ്രിയ ടീച്ചര്‍ക്കുള്ള ഗുരുദക്ഷിണയാണ്. മെഡിക്കല്‍ ക്യാമ്പിന്റെ സംഘാടകരില്‍ മിക്കവരും ഡോക്ടര്‍മാര്‍. കഴക്കൂട്ടം സ്‌കൂളില്‍ പണ്ട് ബയോളജി പഠിപ്പിച്ചുവിട്ട മേരി ടീച്ചറെ അവര്‍ എങ്ങനെ മറക്കും. സസ്യശാസ്ത്രത്തിനും ജന്തുശാസ്ത്രത്തിനുമിടയിലെ രസങ്ങളിലൂടെ അപ്പോത്തിക്കിരിയുടെ ബീജമിട്ടു പാസാക്കി ചികിത്സ പഠിക്കാന്‍ പറഞ്ഞുവിട്ടുവല്ലോ ടീച്ചര്‍ അന്ന്. മേരി ടീച്ചര്‍ വിശ്രമിക്കുന്ന തൊടുപുഴയിലെത്തി വേണം ഗുരുദക്ഷിണ എന്ന് ഓള്‍ഡ് ബോയിസ് തീരുമാനിക്കുന്നു. അങ്ങനെ ടീച്ചറുടെ നിര്‍ദ്ദേശം പരിഗണിച്ച് മുതലക്കോടത്തുള്ള മുന്‍സിപ്പല്‍ വൃദ്ധവികലാംഗ സദനത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ തീരുമാനിച്ചു.

പതിവ് മെഡിക്കല്‍ ക്യാമ്പ് ചിട്ടവട്ടങ്ങളില്‍ സൗജന്യ മരുന്നിനും പരിശോധന ഫലങ്ങള്‍ക്കുമിടയിലെ രോഗി ഡോക്ടര്‍ ബന്ധം കൊണ്ട് എല്ലാം അവസാനിക്കും. പക്ഷെ ഈ ക്യാമ്പ് അങ്ങനെയായിരുന്നില്ല. മുംബൈ ആസ്ഥാനമായിട്ടുള്ള എ ത്രി കമ്മ്യൂണിക്കേഷന്റെ സഹായത്തോടെ അന്തേവാസികളുടെ ചികിത്സാ ഫലങ്ങള്‍ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് തല്‍ക്ഷണം അയച്ചു കൊടുത്തു. അപ്പോളോ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോക്ടര്‍ എബ്രഹാം ഉമ്മനും മെഡിക്കല്‍ ക്യാമ്പ് ഡോക്ടര്‍ ലൂയിയും ചേര്‍ന്ന് രോഗികള്‍ക്ക് ആവശ്യമായ മരുന്നും നിര്‍ദ്ദേശങ്ങളും നല്‍കി. അങ്ങ് ചെന്നൈയിലും ഇങ്ങ് തൊടുപഴയിലും ഉള്ള രണ്ട് ഡോക്ടര്‍മാര്‍ സാങ്കേതിക വിദ്യായുടെ സഹായത്തോടെ ഒരുമിച്ച് രോഗികളെ പരിശോധിച്ചു. സ്ഥിതി മോശമായ അഞ്ച് രോഗികള്‍ക്ക് തുടര്‍ ചികിത്സയും പ്രഖ്യാപിച്ചു. വൃദ്ധ വികലാംഗ സദനത്തിലെ 75 അന്തേവാസികള്‍ക്കും കാര്‍ഡിയോളജി, ഇ എന്‍ ടി, ത്വക്ക്, ദന്ത, ഗൈനക്കോളജി, യൂറോളജി, ഓര്‍ത്തോ,നേത്രരോഗം,സൈക്യാട്രി,ജനററല്‍ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമായി.

ഇതിനിടെ വൃദ്ധ സദനത്തിലെ അന്തേവാസിയായ കുഞ്ഞുകുട്ടിയമ്മ മരണശേഷം തന്റെ ശരീരം മെഡിക്കല്‍ കോളജിന് നല്‍കുമെന്ന് പ്രഖ്യാപിച്ചു. മെഡിക്കല്‍ ക്യാമ്പ് മുന്നേറന്നതിനിടെ അതൊരു ഹൃദ്യമായ കൂട്ടായ്മയുടെ രൂപം പ്രാപിച്ചു. ഉമ്മന്‍ചാണ്ടി ഹെയര്‍ സ്‌റ്റൈലുള്ള 95 വയസ്സുകാരി പെണ്ണമ്മ ഓര്‍മ്മളുടെ സംഗീത വഴിയില്‍ നിന്ന് ബീഥോവനെയും ലോകസംഗീതത്തെയും കൊണ്ടുവന്നു. പിന്നാലെ അന്തേവാസികളും വില്ലേജ് സ്‌കൂള്‍ ഇന്റര്‍നാഷണലിലെ കുട്ടികളും ചേര്‍ന്ന് ഗാനമേള. അന്തേവാസികള്‍ക്കായി സ്‌നേഹവിരുന്നും സംഘടിപ്പിച്ചിരുന്നു.

.മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ എം ഹാരിദ് മുഖ്യഅതിഥിയായിരുന്നു. സ്‌കൂളിലെ മുന്‍ ചരിത്ര അധ്യാപകനും മേരി ടീച്ചറുടെ ഭര്‍ത്തവുമായ എം ജി തോമസ്,പൂര്‍വ്വ വിദ്യാര്‍ഥികളായ ഡോ. സോണി വര്‍ക്കി, ഹോളി ഫാമിലി ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മേഴ്‌സി, വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികുമാര്‍ എന്നിവരും പങ്കെുത്തു.





 

 




MathrubhumiMatrimonial