goodnews head

ഡോക്ടറുടെ 'ചികിത്സ' ഫലിച്ചു; കുട്ടനാട്ടില്‍ ശുദ്ധജലമെത്തി

Posted on: 22 Apr 2015

കെ.എ. ബാബു




ആലപ്പുഴ:
ചുറ്റും വെള്ളമുണ്ടെങ്കിലും നല്ലവെള്ളം കുട്ടനാട്ടുകാരുടെ സ്വപ്‌നമാണ്. അത് സാക്ഷാത്കരിക്കാന്‍ ഒരു ഡോക്ടറെത്തി. ഡോ. എസ്.സജിത് കുമാര്‍. വാട്ടര്‍ അതോറിറ്റി പിന്മാറിയിടത്ത് പണം മിച്ചമാക്കി കുട്ടനാട്ടില്‍ അദ്ദേഹം നടപ്പാക്കിയ ആര്‍.ഒ.പ്ലാന്റ് പദ്ധതി സംസ്ഥാനത്തിനുതന്നെ മാതൃകയാണ്.

കീടനാശിനി, താറാവിന്‍കാഷ്ഠം, ഇരുമ്പ്, മാംഗനീസ്, ഫ്‌ലൂറൈഡ് എന്നിവയുടെയെല്ലാം സാന്നിധ്യംകൊണ്ട് മലിനമായ വെള്ളമാണ് കുട്ടനാട്ടിലേത്. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലായി 60 ചെറുകിട ആര്‍.ഒ.പ്ലാന്റ് സ്ഥാപിച്ചാണ് ഇവിടത്തെ ശുദ്ധജലപ്രശ്‌നം പരിഹരിച്ചത്. ഒരു പ്ലാന്റ് 500 കുടുംബങ്ങള്‍ക്ക് ഉപയോഗിക്കാം. ഒരു ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്നതിന് ചെലവ് വെറും ഒരു പൈസ. പ്ലാന്റിന്റെ ചുമതല പഞ്ചായത്തുകള്‍ക്കാണ്. ഒരാളെ പ്ലന്റിന്റെ പരിരക്ഷയ്ക്കായി നിര്‍ത്താനായി ചില പഞ്ചായത്തുകള്‍ ലിറ്ററിന് 20 പൈസ വീതം വാങ്ങും. മറ്റുചില പഞ്ചായത്തുകളാകട്ടെ സൗജന്യമായിത്തന്നെ വെള്ളം നല്‍കുകയാണിപ്പോള്‍.

ആലപ്പുഴ മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസറും ചെട്ടികാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ റൂറല്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമാണ് ഡോ. സജിത് കുമാര്‍.

കുട്ടനാട് പാക്കേജ് പ്രകാരമാണ് ആര്‍.ഒ.പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതി ഏറ്റെടുത്തത്. അതിന് കാരണമുണ്ട്. സമഗ്രആരോഗ്യപദ്ധതിക്കായി സജിത്കുമാര്‍ ഗവേഷണം നടത്തിയത് കുട്ടനാടിനെ അടിസ്ഥാനമാക്കിയായിരുന്നു. നിരന്തരം പകര്‍ച്ചവ്യാധികള്‍ വരുന്ന ഈ പ്രദേശത്ത് നല്ലവെള്ളം എത്തിച്ചാല്‍ത്തന്നെ പ്രശ്‌നം പകുതിയും പരിഹരിക്കാം അതിന് ആര്‍.ഒ.പ്ലാന്റാണ് ഉചിതമെന്നതായിരുന്നു കണ്ടെത്തല്‍.
കുട്ടനാട്ടിലെ പദ്ധതിക്ക് തുക കുറവാണെന്നു പറഞ്ഞ് വാട്ടര്‍ അതോറിറ്റി വിമുഖത കാട്ടി. ഈഘട്ടത്തില്‍ അന്നത്തെ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറാണോയെന്ന് സജിത് കുമാറിനോട് ചോദിച്ചു.

മെഡിക്കല്‍ കോളേജിലെ ഭാരിച്ച ജോലികള്‍ ഉണ്ടായിട്ടും അദ്ദേഹം ദൗത്യം ഏറ്റെടുത്തു. പദ്ധതിക്ക് ആദ്യം 5.67 കോടി രൂപയാണ് നീക്കിവച്ചതെങ്കിലും സജിത്കുമാറിനെ ഏല്പിക്കുമ്പോള്‍ തുക 3.15 കോടിയായി കുറഞ്ഞു. കുട്ടനാട്ടിലെ 13 പഞ്ചായത്തുകള്‍ക്കായി 63 ആര്‍.ഒ.പ്ലാന്റ് സ്ഥാപിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്.

ഇതില്‍ 60എണ്ണവും പൂര്‍ത്തീകരിച്ചു. എവിടെ സ്ഥാപിക്കണം എന്നതിനെച്ചൊല്ലി ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍മാരുടെ വടംവലി തീരാത്തതാണ് ബാക്കി മൂന്നെണ്ണത്തിന്റെ പ്രശ്‌നം.

63എണ്ണം പൂര്‍ത്തീകരിച്ചാലും തുക മിച്ചമാണ്. അത് ചെറുതല്ല, 69 ലക്ഷമുണ്ട്. ആ തുകയ്ക്ക് 16 പ്ലാന്റുകള്‍കൂടി നിര്‍മിക്കുകയാണ് ഡോക്ടര്‍.

 

 




MathrubhumiMatrimonial