
അമേരിക്കയില്‍ സ്വന്തം കുഞ്ഞുങ്ങളെ കൊന്ന സ്ത്രീക്ക് ജീവപര്യന്തം
Posted on: 21 Apr 2015

ഉട്ടാഹ്: അമേരിക്കയിലെ ഉട്ടായില്‍ ആറ് പിഞ്ചുകുരുന്നുകളെ നിഷ്‌ക്കരുണം വധിച്ച മാതാവിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒരു വര്‍ഷം മുമ്പ് അറസ്റ്റിലായ നാല്‍പതുകാരിയായ മെഗന്‍ ഹണ്ട്‌സ്മാനാണ് കോടതി ശിക്ഷ നല്‍കിയത്.
1996-2006നും ഇടക്കായിരുന്നു മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ദാരുണമായ കൊലപാതകം നടന്നത്. തനിക്കുണ്ടായ ആറ് കുഞ്ഞുങ്ങളെ ജനിച്ച ഉടന്‍ തന്നെ ഹണ്ട്‌സ്മാന്‍ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു.
സാള്‍ട്ട് ലേക്ക് സിറ്റിക്ക് സമീപമുള്ള ഹണ്ട്‌സ്മാന്റെ പഴയ വീട്ടിലെ ഗ്യാരേജില്‍ പെട്ടികളിലാക്കിയ നിലയിലാണ് കുട്ടികളുടെ മൃതദേഹം കണ്ടത്. ഹണ്ട്‌സ്മാനുമായി സ്വരചേര്‍ച്ചയില്‍ അല്ലായിരുന്ന അവരുടെ ഭര്‍ത്താവാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരു പ്രസവത്തില്‍ ജനിച്ച ഏഴ് കുഞ്ഞുങ്ങളില്‍ ആറ് കുട്ടികളെയാണ് മയക്കുമരുന്നിന് അടിമയായ ഹണ്ട്‌സ്മാന്‍ കൊലപ്പെടുത്തിയത്. ഹണ്ട്‌സമാന് വേറെയും മൂന്ന് മക്കളുണ്ട്.
ഹണ്ട്‌സമാന്റെ ഭര്‍ത്താവ് വെസ്റ്റും ഏഴ് വര്‍ഷം മയക്കുമരുന്ന് കേസില്‍പ്പെട്ട് ജയിലിലായിരുന്നു. ജയിലില്‍ നിന്ന് പുറത്തെത്തിയ ശേഷം പഴയ വീട്ടില്‍ നിന്നും സാധനങ്ങള്‍ എടുത്ത് മാറ്റുമ്പോഴാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ വെസ്റ്റ് കാണുന്നത്. ജീവപര്യന്തത്തിനും 30 വര്‍ഷം തടവിനും ശിക്ഷിക്കപ്പെട്ട ഹണ്ട്‌സ്മാന്റെ ശേഷിക്കുന്ന ജീവിതം ഇരുമ്പഴിക്കുള്ളില്‍ തന്നെയാവും.
