Crime News

കൂത്താട്ടുകുളത്ത് മോഷ്ടാക്കള്‍ വിലസുന്നു

Posted on: 20 Apr 2015


* കൂത്താട്ടുകുളത്ത് പഞ്ചായത്തംഗത്തിന്റെ വീട് കുത്തിത്തുറന്ന് മോഷണശ്രമം.
* പൈറ്റക്കുളത്ത് നാല് വീടുകളില്‍ മോഷ്ടാക്കളെത്തി പണവും വാച്ചും കവര്‍ന്നു.
* തിരുമാറാടിയില്‍ വീട് കുത്തിത്തുറന്നു.
* ഇലഞ്ഞിയില്‍ കനാല്‍ കോണ്‍ക്രീറ്റിങ് ഉപകരണങ്ങള്‍ മോഷ്ടിച്ചവര്‍ പിടിയിലായി.



കൂത്താട്ടുകുളം: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൂത്താട്ടുകുളം മേഖലയില്‍ മോഷ്ടാക്കളുടെ സംഘം ജനത്തെ ഭീതിയിലാഴ്ത്തുകയാണ്. കൂത്താട്ടുകുളം, തിരുമാറാടി, ഇലഞ്ഞി പഞ്ചായത്തുകളില്‍ വ്യാപകമായി മോഷണവും മോഷണശ്രമവും നടന്നു.

കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തംഗം കല്ലോലിക്കല്‍ സാറാക്കുട്ടി ബേബിയുടെ വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നതെന്ന് കരുതുന്നു. വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ ഒന്നും നഷ്ടപ്പെട്ടില്ല. വീടിന്റെ മുന്‍വശത്തെ വാതിലും മുറികളുടെ വാതിലുകളും തുറന്ന നിലയിലായിരുന്നുവെന്ന് പഞ്ചായത്തംഗം പറഞ്ഞു.

പൈറ്റക്കുളം മറ്റത്തില്‍ അവരാച്ചന്റെ വീടിന്റെയും വാതില്‍ കുത്തിത്തുറന്നനിലയിലായിരുന്നു. ആറായിരം രൂപയടങ്ങിയ പേഴ്‌സ്, വാച്ച് എന്നിവ ഇവിടെനിന്നും നഷ്ടപ്പെട്ടു. വന്‍നിലത്തില്‍ ജോണിയുടെ വീടിന്റെയും വാതില്‍ കല്ലിനിടിച്ച് തകര്‍ത്ത നിലയിലാണ്. വാതില്‍ പൂര്‍ണമായി തുറക്കാന്‍ കഴിഞ്ഞില്ല. പാലച്ചുവട്ടില്‍ സ്‌കറിയയുടെ വീടിന്റെയും വാതില്‍ തകര്‍ത്തു. വീടുകളില്‍നിന്ന് വാക്കത്തി, കത്തി എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്.

തിരുമാറാടിയിലും വീടിന്റെ വാതിലിടിച്ച് തകര്‍ത്താണ് മോഷണശ്രമം നടന്നത്.
ഇലഞ്ഞിയില്‍ കനാല്‍ പണിക്ക് ഉപയോഗിച്ചിരുന്ന വിലപിടിപ്പുള്ള ഇരുമ്പുപകരണങ്ങള്‍ മൂന്നംഗ മോഷ്ടാക്കളുടെ സംഘം വാഹനത്തില്‍ കയറ്റി കടത്താന്‍ ശ്രമിച്ചു. പോലീസിന് കിട്ടിയ സന്ദേശത്തെത്തുടര്‍ന്ന് കൂത്താട്ടുകുളം എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ്സംഘം സ്ഥലത്തെത്തി മോഷ്ടാക്കളെ പിടികൂടി. ഇലഞ്ഞി കൂര് സ്വദേശികളായ പീറ്റര്‍ കെ. ജോണ്‍, ഷിജോ, രാജീവ് എന്നിവരാണ് പോലീസ് പിടിയിലായത്.

 

 




MathrubhumiMatrimonial