Crime News

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതി; കേസെടുത്തത് വീടുകയറി ആക്രമണത്തിന്‌

Posted on: 19 Apr 2015


ചേര്‍ത്തല: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ആദ്യം നടപടിയൊന്നും സ്വീകരിക്കാത്ത ചേര്‍ത്തല പോലീസ് പിന്നീട് കേസെടുത്തത് വീടുകയറി ആക്രമണത്തിന്. ചേര്‍ത്തല സ്വദേശിനിയും എം.സി.എ. വിദ്യാര്‍ഥിനിയുമായ 26കാരിയുടെ പരാതിയിലാണ് പോലീസിന്റെ നടപടി വൈകിയതും കേസിന്റെ വകുപ്പുകള്‍ മാറിയതും. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും അല്ലാതെ പീഡനമല്ലെന്നുമാണ് പോലീസിന്റെ വിശദീകരണം.

അയല്‍വീട്ടിലെ യുവാവിനെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത് പ്രചരിപ്പിച്ചതായും പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയുമായി യുവാവിന്റെ വിവാഹം ഉറപ്പിച്ചതോടെ പരാതിക്കാരിയായ യുവതിയുടെ അച്ഛനും പോലീസില്‍ പരാതി നല്‍കി. യുവാവ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചുവെന്നും ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും അച്ഛന്റെ പരാതിയില്‍ പറയുന്നു. ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞമാസം 29ന് പരാതി നല്‍കി. അതിന് കൈപ്പറ്റ് രസീതും ലഭിച്ചു. നടപടികളൊന്നും ഉണ്ടാകാത്തതിനാല്‍ പലവട്ടം സ്റ്റേഷനില്‍ ചെന്നെങ്കിലും കേസെടുത്തില്ല. അവസാനം ഡിവൈ.എസ്.പി.യെ സമീപിച്ചപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, പെണ്‍കുട്ടിയെ വീടുകയറി ആക്രമിച്ചതിന്റെ പേരില്‍ മാത്രമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.

 

 




MathrubhumiMatrimonial