Crime News

അളവ് തൂക്കത്തില്‍ വെട്ടിപ്പ് : പൊതുവിതരണ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി

Posted on: 19 Apr 2015


തിരുവനന്തപുരം: അളവ് തൂക്ക വകുപ്പിന്റെ നേതൃത്വത്തില്‍ സപ്‌ളൈകോ മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും റേഷന്‍കടകളിലും പരിശോധന നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഒമ്പത് കടകള്‍ക്കെതിരെ തുക്കത്തിലെ വെട്ടിപ്പിന് നടപടിയെടുത്തു.

കിഴക്കേക്കോട്ടയില്‍ സപ്‌ളൈകോയുടെ രണ്ട് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ സബ്‌സിഡിയുള്ള പലവ്യഞ്ജനങ്ങളുടെ പായ്ക്കറ്റുകളില്‍ കുറവ് കണ്ടെത്തി. ഒരു കിലോയുടെയും അരക്കിലോയുടെയും പായ്ക്കറ്റുകളില്‍ 10 മുതല്‍ 20 ഗ്രാം വരെ കുറവാണ് കണ്ടെത്തിയത്. മുളക്, മല്ലി, പയര്‍, ഉഴുന്ന് തുടങ്ങിയവയിലെല്ലാം കുറവുണ്ടായിരുന്നു. കോട്ടയ്ക്കകം ട്രാന്‍സ്‌പോര്‍ട്ട് ഭവന് സമീപത്തെ സപ്‌ളൈകോ മാര്‍ക്കറ്റിലും പഴവങ്ങാടിയിലെ മാര്‍ക്കറ്റിലുമാണ് ഈ കുറവ് കണ്ടെത്തിയത്. രണ്ട് മാര്‍ക്കറ്റുകള്‍ക്കും നോട്ടീസ് നല്‍കി.

ആറ്റിങ്ങല്‍ കോരാണിയിലെ മാവേലി സ്റ്റോറില്‍ ഏഴ് കിലോ അരിയില്‍ 100 ഗ്രാമിന്റെ കുറവുണ്ടായിരുന്നു. നെടുമങ്ങാട് പഴകുറ്റിയിലുള്ള എ.ആര്‍.ഡി. 79 റേഷന്‍ കടയിലും തുക്കത്തില്‍ വെട്ടിപ്പ് കണ്ടെത്തി. ഏഴ് കിലോ അരിയില്‍ 650 ഗ്രാമിന്റെ കുറവാണ് കണ്ടെത്തിയത്.

പനവൂര്‍ ചുള്ളാളത്തെ റേഷന്‍കടയില്‍ രണ്ട് കിലോ അരിയില്‍ 100 ഗ്രാമിന്റെ കുറവാണ് കണ്ടെത്തിയത്. തിരുമല വട്ടവിളയിലെ എ.ആര്‍.ഡി 41 റേഷന്‍കട, സഹകരണ സംഘത്തിന്റെ കീഴില്‍ മണക്കാടുള്ള റേഷന്‍കട, മണക്കാട് എ.ആര്‍.ഡി 198 റേഷന്‍കട എന്നിവിടങ്ങളില്‍ കാലാവധി കഴിഞ്ഞ ത്രാസ് ഉപയോഗിച്ചാണ് സാധനങ്ങള്‍ തൂക്കിയിരുന്നത്. കരുമം ഇടഗ്രാമത്തിലെ ടി.ആര്‍.എല്‍ 42 എന്ന കടയിലെ എല്ലാ സാധനങ്ങളുടെ തുക്കത്തിലും കുറവ് കണ്ടെത്തി. ഇവര്‍ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്. അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരായ ലെഡ്‌സണ്‍ രാജ്, വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായാണ് ജില്ലയില്‍ പരിശോധന നടത്തിയത്.

 

 




MathrubhumiMatrimonial