
വണ്ണാന്തുറൈയില്‍ വന്നാല്‍ പോലീസുകാരുടെ കൃഷിത്തോട്ടം
Posted on: 18 Apr 2015

മറയൂര്‍: വണ്ണാന്തുറൈ കൊടുംവനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തുന്നവര്‍ വൈവിധ്യ കൃഷികള്‍ കണ്ട് ഞെട്ടും. മറയൂര്‍ സാന്‍ഡല്‍ ഡിവിഷനില്‍ കാന്തല്ലൂര്‍ റേഞ്ചിന്റെ പരിധിയില്‍ വരുന്ന ഫോറസ്റ്റ് സ്റ്റേഷനാണിത്. ഈ സ്റ്റേഷനിലെ െഡപ്യൂട്ടി റേഞ്ച് ഓഫീസറായ കെ.വി.രതീഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും പുതുതായി സര്‍ക്കാര്‍ നിയമിച്ച ൈട്രബല്‍ വാച്ചര്‍മാരും വണ്ണാന്തുറൈ ആദിവാസിക്കുടിയിലെ ആദിവാസികളുമാണ് വനത്തിനുള്ളില്‍ തരിശായി കിടന്ന സ്ഥലം കൃഷിഭൂമിയാക്കി വിവിധ തരത്തിലുള്ള പച്ചക്കറികള്‍ കൃഷിചെയ്തുവരുന്നത്. മത്തങ്ങ, കാരറ്റ്, ബീറ്റ്‌റൂട്ട്, സെലക്ഷന്‍ ബീന്‍സ്, ബട്ടര്‍ ബീന്‍സ്, പട്ടാണി, മുരിങ്ങാ ബീന്‍സ്, തക്കാളി, പച്ചമുളക്, കാന്താരി, വഴുതന, ഇഞ്ചി, വിവിധയിനം ചീരകള്‍ ഈ ഫാമിലെ കൃഷിയിനങ്ങളാണ്.
ചന്ദനമര സംരക്ഷണത്തിനുവേണ്ടി പ്രത്യേകമായ ഉത്തരവിന്റെയടിസ്ഥാനത്തില്‍ സ്ഥാപിതമായതാണ് ഈ ഫോറസ്റ്റ് സ്റ്റേഷന്‍. ഏറ്റവും ദുര്‍ഘടംപിടിച്ച മേഖലയില്‍ സ്ഥിതിചെയ്യുന്ന ഈ സ്റ്റേഷന്റെ പരിധിയിലായിരുന്നു ഏറ്റവും കൂടുതല്‍ ചന്ദനമോഷണം നടന്നിരുന്നത്.
കഴിഞ്ഞ കുറെ മാസങ്ങളായി ഒരു ചന്ദനമരംപോലും പോകാത്ത സ്റ്റേഷനാണിത്. ഈ തിരക്കുകള്‍ക്കിടയിലും ലഭിക്കുന്ന ഒഴിവുവേളകളിലാണ് വനപാലകര്‍ കൃഷിചെയ്തുവരുന്നത്. ലഭിക്കുന്ന വിളകള്‍ വണ്ണാന്തുറൈ, പാളപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനുകളിലെ മെസിലേക്കും വണ്ണാന്തുറൈ ആദിവാസികള്‍ക്കും സൗജന്യമായി വീതംവച്ചു നല്‍കുന്നു.
