
പോളിയോയോട് പോകാന്‍ പറ; സംഗീതമാണ് സുഗുണന്റെ ജീവന്‍
Posted on: 17 Apr 2015

ഉപ്പുതറ: ശുദ്ധസംഗീതത്തിന്റെ ഉപാസനയിലൂടെ ജീവിതം പൊരുതിനേടുകയാണ് മുല്ലക്കര എസ്. സുഗുണന്‍. കുഞ്ഞുന്നാളില്‍ പോളിയോ തളര്‍ത്തിയ കാലുകളുള്ള 36വര്‍ഷത്തെ സംഗീതപഠനവും, പകര്‍ന്നു കൊടുക്കലുമായി കര്‍ണ്ണാടകസംഗീതം സുഗുണന് ജീവിതവും, ജീവിതം സംഗീതവുമാണ്. പഞ്ചരത്‌ന കീര്‍ത്തനങ്ങള്‍ അറിയുകയും ആലപിക്കുകയും ചെയ്യുന്ന ഏതാനും ചില സംഗീതജ്ഞരില്‍ ഒരാളാണ് തൂക്കുപാലം, ബാലഗ്രാം രാഗസുധയില്‍ സുഗുണന്‍ എന്ന മുല്ലക്കര എസ്. സുഗുണന്‍(49).
4-ാംവയസിലാണ് സുഗുണന്റെ രണ്ടുകാലുകളും പോളിയോ തളര്‍ത്തിയത്. എന്നാല്‍ കണ്ഠനാളത്തില്‍ തളരാത്ത സംഗീതവൈഭവമുെണ്ടന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ സുഗുണനെ സംഗീതം പഠിപ്പിക്കാന്‍ തീരുമാനിച്ചു. പാറശാല തങ്കപ്പന്‍ ഭാഗവതരായിരുന്നു ആദ്യഗുരു. തുടര്‍ന്ന് എല്‍.പി.ആര്‍. വര്‍മ്മ, തൃക്കൊടിത്താനം ജി.രവീന്ദ്രനാഥ്, പ്രൊ. ആയാംകുടി മണി തുടങ്ങിയവരിലൂടെ കര്‍ണാടക സംഗീതത്തിന്റെ ആഴപ്പരപ്പുകള്‍ ഹൃദ്യമാക്കി. ഇപ്പോഴും സംഗീതം പഠിച്ചുകൊണ്ടും പഠിപ്പിച്ചുകൊണ്ടുമിരിക്കുന്നു.
13-ാം വയസ്സുമുതല്‍ കച്ചേരികളില്‍ സജീവമായ സുഗുണന്‍ കലോത്സവ വേദികളില്‍ നൃത്ത ഇനങ്ങളുടെ പിന്നണിയിലും നിറസാന്നിധ്യമായിരുന്നു. നിരവധി ഭക്തിഗാനങ്ങളും, ലളിതഗാനങ്ങളും സുഗുണന്റെ സംഗീതസംവിധാനത്തില്‍ പിറന്നിട്ടുണ്ട്.
പിന്നണിഗായകന്‍ വില്‍സ്വരാജ്, തൊടുപുഴ സിസ്റ്റേഴ്‌സ്, കെ.കെ. ജയന്‍, കലാഗോപിനാഥ്, അശ്വതി വിജയന്‍ തുടങ്ങി പ്രശസ്തരായ ശിഷ്യഗണങ്ങളും ഇദ്ദേഹത്തിനുണ്ട്. ഈശ്വര സാന്നിധ്യംപോലെ സംഗീതവും ജീവന്റെയും ജീവിതത്തിന്റെയും ഓരോ അണുവിലുമുണ്ടാക്കുന്ന അറിവും അനുഭവവും, അനുഭൂതിയുമാണെന്ന് സുഗുണന്‍ പറയുന്നു. ഭാര്യ: ഗീത. മക്കള്‍: ഹരികൃഷ്ണന്‍, ഹരിചന്ദന. ഇവരും സംഗീതത്തിന്റെ ഉപാസകര്‍.
