Crime News

പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമം

Posted on: 15 Apr 2015



അരിമ്പൂര്‍(തൃശ്ശൂര്‍) :
പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ നടുറോഡില്‍ കാറിടിച്ച് കൊല്ലാന്‍ യുവാവിന്റെ ശ്രമം. യുവതിയെ രക്ഷിക്കാനെത്തിയവരെയും കാറിടിച്ചു തെറിപ്പിച്ച് യുവാവ് കടന്നുകളഞ്ഞു. സംഭവത്തില്‍ യുവതിയടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്.

കാര്‍ പിന്നീട് പാലയ്ക്കലിലെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാറോടിച്ചിരുന്ന ചിറയ്ക്കല്‍ സ്വദേശി പുതുപ്പള്ളി ഷിബിന്‍ ഒളിവിലാണ്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ അരിന്പൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ ബാങ്ക്പറമ്പ് റോഡില്‍ വെച്ചാണ് സിനിമയെ വെല്ലുന്നതരത്തില്‍ യുവാവിന്റെ പരാക്രമം അരങ്ങേറിയത്. വെളുത്തൂര്‍ തച്ചംപിള്ളി സ്വദേശിനി 21 കാരിയെയാണ് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നിലവിളികേട്ട് ഓടിയെത്തി യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചവരെയും യുവാവ് കാറിടിച്ച് വീഴ്ത്തി.

പരിക്കേറ്റ അരിന്പൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘം സെക്രട്ടറി കണാറ ശ്യാമള (55), മകള്‍ അമൃത (23), കാട്ടിപ്പറമ്പില്‍ മാധവന്റെ ഭാര്യ പത്മിനി (55) എന്നിവരെ തൃശ്ശൂര്‍ സണ്‍ ഹാര്‍ട്ട് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പത്മിനിയുടെ തലയ്ക്കും കൈക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. കാലിന് ഒടിവേറ്റ യുവതി കല്ലിങ്ങല്‍ കൃഷ്ണരാജന്റെ മകള്‍ രമ്യ (28), സഹോദരന്‍ രാഹുല്‍ (22) എന്നിവര്‍ മദര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.

കാറിടിച്ച് റോഡില്‍ വീണ യുവതിയുടെ നിലവിളി കേട്ടാണ് സമീപവാസികളായ പത്മിനിയടക്കമുള്ള സ്ത്രീകള്‍ റോഡിലേക്ക് ഓടിയെത്തിയത്. യുവതിയെ പിടിച്ചെഴുന്നേല്പിച്ച് വെള്ളം നല്‍കുന്നതിനിടെ, മൂന്നുമീറ്റര്‍ മാത്രം വീതിയുള്ള ഇടുങ്ങിയ റോഡില്‍ ആയാസപ്പെട്ട് കാര്‍ തിരിച്ച് യുവാവ് വീണ്ടും എത്തുകയായിരുന്നു. സമീപത്തെ പോസ്റ്റിലും വീടിന്റെ മതിലുകളിലും ഇടിച്ചെത്തിയ കാര്‍ യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരുടെ ഇടയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പത്മിനിയടക്കം മൂന്നുപേര്‍ ഇടിയുടെ ആഘാതത്തില്‍ ദൂരെ തെറിച്ചുവീണു. യുവാവ് അതേ വേഗത്തില്‍ കാറോടിച്ച് രക്ഷപ്പെടുകയും ചെയ്തു. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആസ്പത്രിയിലാക്കിയത്.

സമീപത്തെ വീടുകളിലെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ കാറിന്റെ നമ്പര്‍ ശ്രദ്ധിച്ചിരുന്നു. ഉടന്‍ തന്നെ വിവരം പോലീസിന് കൈമാറുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ വൈകീട്ട് നാലരയോടെ പാലയ്ക്കല്‍ ബണ്ട് റോഡില്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. യുവാവിന്റെ ബന്ധുവീടിന് സമീപമാണ് കാര്‍ കണ്ടെത്തിയത്.

ക്ഷേത്രദര്‍ശനത്തിനെത്തിയ തന്നെ യുവാവ് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന് യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഷിബിനാണ് കാര്‍ ഓടിച്ചിരുന്നതെന്നും പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കാരണമെന്നും മൊഴിയിലുണ്ട്.
ഫോറന്‍സിക്, വിരലടയാള വിദഗ്ധരും പരിശോധനയ്‌ക്കെത്തി.

 

 




MathrubhumiMatrimonial