
ചലനമറ്റ ഷംനാദിന്റെ സ്വപ്നങ്ങള്‍ക്ക് അറിവിന്റെ ചിറകുമായ് 'അതുല്യം'
Posted on: 12 Apr 2015

കുന്നിക്കോട്: രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ചലന സ്വാതന്ത്ര്യം നഷ്ടമായ യുവാവിന് 27 വര്‍ഷത്തിനുശേഷം പഠിക്കാന്‍ അവസരമൊരുങ്ങി. വിളക്കുടി ഗ്രാമപ്പഞ്ചായത്തിലെ കുന്നിക്കോട് ഷംനാദ് മന്‍സിലില്‍ ഷംനാദിനാണ് 33ാം വയസ്സില്‍ 'അതുല്യ' സൗഭാഗ്യമുണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ സാക്ഷരതാ മിഷനിലൂടെ നടപ്പാക്കുന്ന അതുല്യം പദ്ധതിയില്‍ ഷംനാദ് നാലാംതരം തുല്യതാ വിദ്യാര്‍ഥിയാണ്. എല്ലാവരും അതത് കേന്ദ്രങ്ങളില്‍ പോയി പഠിക്കുമ്പോള്‍ അതുല്യം പദ്ധതിയുടെ അധ്യാപകര്‍ ഷംനാദിന്റെ വീട്ടിലെത്തി പഠിപ്പിക്കും. 27 വര്‍ഷമായി കിടക്കവിട്ടെഴുന്നേല്‍ക്കാന്‍ കഴിയാതെ അര്‍ദ്ധനിശ്ചലനായി കിടക്കുന്ന ഷംനാദ് ആറാം വയസ്സിലാണ് അവസാനമായി സ്‌കൂളില്‍ പോയത്. പിന്നീടങ്ങോട്ട് വീട്ടിലെ കിടപ്പുമുറി തന്നെയായിരുന്നു ലോകം. പഠിക്കാനുള്ള സ്വപ്നങ്ങളെല്ലാം തന്റെ ശരീരത്തിന്റെ തളര്‍ച്ചക്കൊപ്പം മടക്കിവച്ചതായിരുന്നു ഷംനാദ്.
33ാം വയസ്സില്‍ കിടപ്പുമുറി ക്ലാസ് മുറിയായപ്പോള്‍ പറക്കാനുള്ള ചിറകുകള്‍ ലഭിച്ച പ്രതീതിയാണ് ഷംനാദിന്. രണ്ടാം ക്ലാസ്സിലെ കുസൃതിക്കാരനായ സഹപാഠി മൂര്‍ച്ചയുള്ള എന്തോവച്ച് പിന്നില്‍ കുത്തിയതിനെ തുടര്‍ന്ന് സുഷുമ്‌നാ നാഡിക്ക് തകരാര്‍ സംഭവിച്ചെന്നാണ് രക്ഷിതാക്കളായ ഷംസുദീനും സുബൈദയും പറയുന്നത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സക്കൊടുവില്‍ സംസാരശേഷിയും പകുതി ചലനശേഷിയും ലഭിച്ചെങ്കിലും കിടക്കവിട്ടെഴുന്നേല്‍ക്കാനായില്ല. അടുത്തിടെ വിളക്കുടിയില്‍ സാക്ഷരതാ മിഷന്‍ പ്രവര്‍ത്തകര്‍ നടത്തിയ സര്‍വേയിലാണ് ഷംനാദിന് രണ്ടാം ക്ലാസ്സില്‍ പഠനം നിര്‍ത്തേണ്ടിവന്നകാര്യം മനസ്സിലായത്. പഠിക്കാന്‍ ഷംനാദിനും പഠിപ്പിക്കാന്‍ വീട്ടുകാര്‍ക്കും മോഹമുണ്ടായിരുന്നെങ്കിലും ഷംനാദിനെ പുറത്ത് കൊണ്ടുപോയി പഠിപ്പിക്കുന്നത് ശ്രമകരമായി. ക്ലാസ് റൂം ഷംനാദിന്റെ വീട്ടിലെത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതോടെ വിധി ഇരുട്ടുവീഴ്ത്തിയ ഷംനാദിന്റെ ജീവിതത്തിന് മുന്നില്‍ അറിവിന്റെ പ്രകാശം പരന്നു.
ഇപ്പോള്‍ സാക്ഷരതാ പ്രേരക്മാര്‍ ഷംനാദിന്റെ വീട്ടിലെത്തി ക്ലാസ്സെടുക്കുന്നുണ്ട്. വിളക്കുടി പഞ്ചായത്തിലെ അതുല്യം കൂട്ടായ്മ ഉദ്ഘാടനം ചെയ്യാനെത്തിയ കെ.എന്‍.ബാലഗോപാല്‍ എം.പി. ഷംനാദിന്റെ വീട്ടിലെത്തി പാഠപുസ്തകങ്ങള്‍ നല്‍കിയാണ് ഷംനാദിനെ വീണ്ടും അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചത്. വിളക്കുടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി ജോസ് പ്രകാശ്, പത്തനാപുരം ബ്ലോക്ക്തല സാക്ഷരതാ കോഓര്‍ഡിനേറ്റര്‍ ഇ.എസ്.ബിജുമോന്‍ എന്നിവര്‍ എം.പി.ക്കൊപ്പം ഉണ്ടായിരുന്നു. ഗണിതശാസ്ത്രവും ഇംഗ്ലീഷും നന്നായി വശത്താക്കാന്‍ ആഗ്രഹമുണ്ടെന്നും പത്താംതരവും ഹയര്‍ സെക്കന്‍ഡറിയും തുല്യത എഴുതാന്‍ ശ്രമിക്കുമെന്നും ഷംനാദ് പറഞ്ഞു.
