Crime News

അമ്പലവയല്‍ പീഡനം: ഒരാള്‍ അറസ്റ്റില്‍

Posted on: 12 Apr 2015


അമ്പലവയല്‍: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്‍കിയശേഷം കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടി താമസിക്കുന്ന കോളനിയിലെ താമസക്കാരനും കേസിലെ മൂന്നാം പ്രതിയുമായ പൗലോസ് (49) ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം ഇയാളെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. കേസില്‍ ഒന്നാം പ്രതി സമീപവാസിയായ വിനീഷും രണ്ടാം പ്രതി പൗലോസിന്റെ ഭാര്യ ബിന്ദുവുമാണ്.

വിനീഷ് പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതിയുള്ളത്. ഇയാള്‍ ഒളിവിലാണ്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ പൗലോസിന് എത്തിച്ചുകൊടുക്കുകയും കെട്ടിയിട്ടശേഷം വസ്ത്രാക്ഷേപം നടത്തുകയും ചെയ്തത് ഭാര്യ ബിന്ദുവാണ്. പിഞ്ചുകുട്ടി ഉണ്ടെന്ന കാരണത്താലാണ് പൗലോസിന്റെ ഭാര്യ ബിന്ദുവിനെ കസ്റ്റഡിയിലെടുക്കാത്തത്. സംഭവം നടന്ന കോളനി മന്ത്രി പി.കെ. ജയലക്ഷ്മി സന്ദര്‍ശിച്ചു. സംഭവത്തിലുള്‍പ്പെട്ട മുഴുവന്‍പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. ഇതേ കോളനിയിലെ അവിവാഹിതരായ രണ്ടു പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായ സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും മന്ത്രി പോലീസിന് നിര്‍ദേശം നല്‍കി.

കോളനികളിലെ വില്ലന്‍ മദ്യം -കെ.സി. റോസക്കുട്ടി
അമ്പലവയല്‍:
ജില്ലയിലെ ആദിവാസി കോളനികളില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതടക്കമുള്ള സംഭവങ്ങളില്‍ പ്രധാനവില്ലന്‍ മദ്യമാണെന്ന് കോളനി സന്ദര്‍ശിച്ച വനിതാകമ്മീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി പറഞ്ഞു.

കോളനികളില്‍ മദ്യവില്‍പ്പനയും ഉപയോഗവും വ്യാപകമാണ്. ഇതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ ആദിവാസി കോളനികളിലും പോലീസിന്റെയും വനിതാ കമ്മീഷന്റെയും നേതൃത്വത്തില്‍ ബോധവത്കരണം നടത്തുമെന്നും നിരന്തരമായ ഇടപെടലുകളിലൂടെയേ പ്രശ്‌നപരിഹാരം സാധ്യമാകൂ എന്നും ഇവര്‍ പറഞ്ഞു.

 

 




MathrubhumiMatrimonial