Crime News

അടിമാലി ലോഡ്ജിലെ കൂട്ടക്കൊല: രണ്ടാം പ്രതിയെ ഇനിയും കണ്ടെത്താനായില്ല

Posted on: 12 Apr 2015


അടിമാലി: ജില്ലയെ നടുക്കിയ അടിമാലി നഗരമധ്യത്തിലെ രാജധാനി കൂട്ടക്കൊല നടന്ന് രണ്ടുമാസം പിന്നിടുമ്പോഴും രണ്ടാം പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കര്‍ണ്ണാടക, തുങ്കൂര്‍ സിറ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹനുമന്ദപുര തോട്ടാപുര ഹനുമന്ത രായപ്പയുടെ മകന്‍ മധു (23) വിനെയാണ് ഇനിയും അറസ്റ്റ് ചെയ്യാനുള്ളത്. കഴിഞ്ഞയാഴ്ച അേന്വഷണ സംഘം വീണ്ടും കര്‍ണ്ണാടകത്തില്‍ പോയിരുന്നെങ്കിലും പ്രതിയെ പിടികൂടുവാന്‍ കഴിഞ്ഞില്ല.

ഇതിനിടെ അേന്വഷണ സംഘത്തില്‍ കേസേന്വഷണത്തിന്റെ ഭാഗമായി യാത്രചെയ്ത വകയില്‍ യാത്രാപടി ഉള്‍പ്പടെയുള്ള വലിയ തുക ലഭിക്കാത്തത് അേന്വഷണ സംഘത്തിന്റെ വീര്യം കുറച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി 4തവണ സംഘം ഗോവ,കര്‍ണ്ണാടകം,തമിഴ്‌നാട് എന്നിവിടങ്ങളിലും കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലും യാത്ര ചെയ്ത ഇനത്തിലാണ് തുക ലഭിക്കുവാനുള്ളത്. ഈ കേസില്‍ ഒന്നും മൂന്നും പ്രതികളായ കര്‍ണ്ണാടക സിറ മുഖാപട്ടണം രാഘവ് (രാഘവേന്ദ്ര-23), മഞ്ജുനാഥ് എന്നിവരെ പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇരുവരും റിമാന്റില്‍ കഴിയുകയാണ്. രണ്ടാംപ്രതി മധുവിനെ തേടി അന്വേഷണ സംഘം കഴിഞ്ഞയാഴ്ച കര്‍ണ്ണാടകയിലേക്ക് തിരിച്ചിരുന്നു. ഇയാളുടെ ബന്ധുവിന്റെ വിവാഹത്തിന് എത്തുമെന്ന പ്രതീക്ഷയിലാണ് പോലീസ് സ്ഥലത്തെത്തിയത്.

എന്നാല്‍ വിവാഹം വീട്ടുകാര്‍ മാറ്റിവച്ചത് പോലീസിനെ നിരാശപ്പെടുത്തി. ഇതോടെ പോലീസ് സംഘം അടിമാലിയിലേക്ക് തിരികെ പോന്നു. കര്‍ണ്ണാടകയില്‍ നിന്ന് ഇയാള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപെട്ടതായാണ് പോലീസ് നിഗമനം. ഇയാളുടെ ഫോട്ടോ പ്രിന്റ് ചെയ്ത് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുവാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം. എന്നിട്ടും പിടകൂടാനാകാതെ വന്നാല്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പ്രതിയുടെ ഫോട്ടോ മാധ്യമങ്ങളിലൂടെ രാജ്യവ്യാപകമായി പുറത്ത് വിട്ട് അന്വേഷണം ഊര്‍ജിതമാക്കുവാനും പോലീസ് നീക്കമുണ്ട്. ഇയാളെ പിടികൂടിയാലാണ് ലോഡ്ജില്‍ നിന്ന് മോഷണം പോയ സ്വര്‍ണത്തില്‍ ഇനിയും കണ്ടെത്താനുള്ള ഏഴര പവന്‍ സ്വര്‍ണവും മുപ്പത്തി അയ്യായിരത്തോളം വിലമതിക്കുന്ന റാഡോ വാച്ചും കണ്ടെത്താനാകൂ. സിറ പോലീസ് സ്റ്റേഷനില്‍ ബൈക്ക്‌മോഷണം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലാകുവാനുള്ള മധു.

 

 




MathrubhumiMatrimonial