
അപൂര്‍വങ്ങളില്‍ അപൂര്‍വം, ക്ലാസ്‌മേറ്റ്‌സില്‍ ആറാമനും നീതിപീഠത്തില്‍
Posted on: 11 Apr 2015

കൊച്ചി: ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെ ഒരേ ക്ലാസില്‍ പഠിച്ച ആറ് പേര്‍ ഒരു ഹൈക്കോടതിയില്‍ ജഡ്ജിമാരായിരിക്കുക എന്ന അപൂര്‍വത കൂടി വന്നെത്തി. ജസ്റ്റിസുമാരായ വി.കെ. മോഹനന്‍, പി.ആര്‍. രാമചന്ദ്ര മേനോന്‍, സി.കെ. അബ്ദുള്‍ റഹീം, എ.എം. ഷഫീഖ്, പി.വി. ആശ എന്നിവരാണ് ഇതുവരെ ഒരേ ക്ലാസില്‍ പഠിച്ചവരായി ഹൈക്കോടതിയിലുള്ള സിറ്റിങ് ജഡ്ജിമാര്‍.
ഇവര്‍ക്കൊപ്പമാണ് ബി. സുധീന്ദ്രകുമാര്‍ കൂടി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് എത്തിയത്. 1979 - 1982 ബാച്ചിലെ എറണാകുളം ഗവ. ലോ കോളേജില്‍ നിന്ന് എല്‍എല്‍.ബി. പഠനം പൂര്‍ത്തിയാക്കിയവരാണ് ഇവര്‍ ആറ്‌പേരും. ഒരേ ക്ലാസില്‍ പഠിച്ച ആറ് പേര്‍ ഒരേ സമയം സംസ്ഥാനത്തിന്റെ ഉന്നത നീതിപീഠത്തില്‍ ജഡ്ജിമാരായിരിക്കുക എന്നത് അത്യപൂര്‍വമാണെന്ന് ഇവര്‍ തന്നെ പറയുന്നു. ആറാമത്തെയാളും നീതിപീഠത്തിലെത്തിയതിന്റെ ആഹ്ലാദം പങ്കിടാന്‍ ഒത്തുചേരല്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സഹപാഠികള്‍.
ആറ് സിറ്റിങ് ജഡ്ജിമാര്‍ കൊണ്ട് മാത്രം ഒതുങ്ങുന്നില്ല 1979-82 ബാച്ച്. വിവിധ ജില്ലകളില്‍ മൂന്ന് ജില്ലാ ജഡ്ജിമാര്‍, ആന്റോ ആന്റണി എം.പി., മുന്‍ എം.എല്‍.എ. അഡ്വ. എം.എം. മോനായി, ഹൈക്കോടതിയിലെ അഡി. അഡ്വക്കേറ്റ് ജനറല്‍ അബ്ദുള്‍ റഷീദ്,
ലോ കോളേജിന്റെ ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ഡോ. ലൗലി ജയിംസ്, ഐ.എ.എസ്. ഉദ്യോഗസ്ഥരായ ജയിംസ്, കെ.ജി. രാജു, ഐ.പി.എസ്. ഉദ്യോഗസ്ഥനായ രാമചന്ദ്രന്‍, ഇവരെ കൂടാതെ മൂന്ന് സെന്‍ട്രല്‍ എക്‌സൈസ് സൂപ്രണ്ടുമാര്‍, ഒരു പോസ്റ്റല്‍ സൂപ്രണ്ട്, ഇന്‍ഷൂറന്‍സ് കമ്പനിയില്‍ രണ്ട് സീനിയര്‍ ഡിവിഷണല്‍ മാനേജര്‍മാര്‍, വിവിധ ബാങ്കുകളിലെ മൂന്ന് ലോ ഓഫീസര്‍മാര്‍, രണ്ട് ബാങ്ക് മാനേജര്‍മാര്‍, രണ്ട് ഹൈക്കോടതി സീനിയര്‍ അഭിഭാഷകര്‍ എന്നിവരുമുള്‍പ്പെടും.
