
സ്വകാര്യബസ് സ്‌നേഹികള്‍ക്ക് ഫേസ്ബുക്ക് കൂട്ടായ്മ
Posted on: 11 Apr 2015
ആദ്യയാത്ര നാളെ
തൊടുപുഴ: കോട്ടയം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍നിന്ന് ഞായറാഴ്ച രാവിലെ 10ന് തൊടുപുഴയ്ക്ക് ഒരു ബസ് പുറപ്പെടും. സ്വകാര്യബസ്സുകളോടുള്ള പ്രേമം തലയ്ക്കുപിടിച്ച ഒരുകൂട്ടം ചെറുപ്പക്കാരാണ് ഇതിലെ യാത്രക്കാരും ഡ്രൈവറും ഡബിള്‍ബെല്ലടിക്കുന്നവരുമെല്ലാം.
'ജി ഫോര്‍ പ്രൈവറ്റ് ബസ്'എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് തൊടുപുഴയില്‍ ഒത്തുചേരുന്നത്. അതിനു മുന്നോടിയായാണ് കോട്ടയത്തുനിന്നുള്ള ഈ ബസ് യാത്ര.
തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള അമ്പതോളമാളുകളാണ് ഞായറാഴ്ച ഒത്തുചേരുന്നത്. 10 മണിക്ക് ആരംഭിക്കുന്ന യാത്ര 12ന് തൊടുപുഴ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനു മുമ്പില്‍ സമാപിക്കും.
ബസ്സിനുള്ളില്‍തന്നെ യോഗവും നടത്താനാണ് പ്ലൂന്‍. ഇവരില്‍ ബസ്‌ഡ്രൈവര്‍മാരും ഉടമകളും എന്‍ജിനിയര്‍മാരും ബാങ്ക് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമൊക്കെയുണ്ട്. ഓര്‍മയിലെ ബസ് അനുഭവങ്ങളും കഥകളും അറിവുകളും പങ്കുെവക്കുക എന്നതാണ് ലക്ഷ്യം. ഫേസ്ബുക്കിലെ സ്വകാര്യ ബസ് പ്രണയികളുടെ ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് പരസ്പരം അറിയില്ല. പ്രവാസികളടക്കം ഏഴായിരത്തോളം അംഗങ്ങളുണ്ട് ഈ കൂട്ടായ്മയില്‍.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഓര്‍ക്കുട്ടില്‍ തുടങ്ങിയതാണ് ഈ ഗ്രൂപ്പ്. പിന്നീട് ഫേസ്ബുക്കില്‍ സജീവമായി. പുതിയ ബസ്സുകളുടെ ഫോട്ടോകള്‍, വിവരങ്ങള്‍, ബസ്സുകളുടെ ചരിത്രം, ഗ്രാമങ്ങളിലെ പഴയകാല ബസ്സുകളെക്കുറിച്ചുള്ള ഓര്‍മകള്‍, ബസ് യാത്രയ്ക്കിടയിലെ തമാശകള്‍ എന്നിങ്ങനെ ബസ്സിനെ സംബന്ധിച്ച എന്തും ഈ ഗ്രൂപ്പില്‍ പോസ്റ്റു ചെയ്യാം. അതിരമ്പുഴ സ്വദേശി ഷിനോയുടെ നേതൃത്വത്തില്‍ തൊടുപുഴ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബസ്സിന് പ്രത്യേക പെര്‍മിറ്റും സംഘടിപ്പിച്ചിട്ടുണ്ട്. സ്വകാര്യബസ് പ്രേമിയായ ഒരു ബസ്സുടമ സ്വന്തം ബസ് വിട്ടുകൊടുത്തിരിക്കുകയാണ്.
