goodnews head

ഭാര്യമാര്‍ വൃക്ക വെച്ചുമാറി; രണ്ടു കുടുംബങ്ങള്‍ വീണ്ടും ജീവിതത്തിലേക്ക്‌

Posted on: 10 Apr 2015


തിരൂരങ്ങാടി: രണ്ടുഭാര്യമാര്‍ ഭര്‍ത്താക്കന്‍മാര്‍ക്കായി വൃക്കകള്‍ െവച്ചുമാറിയപ്പോള്‍ രണ്ടുകുടുംബങ്ങള്‍ പ്രത്യാശയോടെ ജീവിതത്തിലേക്ക്.

മലപ്പുറം തിരൂരങ്ങാടി തൃക്കുളം അട്ടക്കുളങ്ങരയിലെ നജ്മത്ത്(30), കണ്ണൂര്‍ തലശ്ശേരിയിലെ സോന(37) എന്നിവരാണ് ഭര്‍ത്താക്കന്‍മാര്‍ക്കുവേണ്ടി വൃക്കകള്‍ വെച്ചുമാറിയത്. വൃക്കരോഗംബാധിച്ച തൃക്കുളം അട്ടക്കുളങ്ങര കാട്ടില്‍ ഇസ്മായിലിന്റെ ഭാര്യയാണ് നജ്മത്ത്. സോനയുടെ ഭര്‍ത്താവ് സത്യനും ഇതേ രോഗം തന്നെയാണ്. സ്വന്തം ഭര്‍ത്താക്കന്‍മാര്‍ക്ക് വൃക്ക നല്‍കാന്‍ ഇരുവരും തയ്യാറായിരുന്നു. എന്നാല്‍ അത് യോജിക്കുമായിരുന്നില്ല. ഇതിനിടയിലാണ് നജ്മത്തിന്‍റെ വൃക്ക സത്യനും സോനയുടേത് ഇസ്മായിലിനും യോജിക്കുമെന്ന് അറിഞ്ഞത്. ചികിത്സ തുടരുന്നതിനിടെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ ഡോ.ഫിറോസിന്റെയും സഹപ്രവര്‍ത്തകരുെടയും ശ്രമഫലമായാണ് ഇക്കാര്യം ഇരുവരും അറിഞ്ഞത്. രോഗപീഡയിലായ ഭര്‍ത്താക്കന്‍മാരെ രക്ഷിക്കാന്‍ വൃക്കകള്‍ െവച്ചുമാറാന്‍ യുവതികള്‍ തയ്യാറായി. അതോടെയാണ് ശസ്ത്രക്രിയയ്ക്ക് തീരുമാനമായത്. കഴിഞ്ഞദിവസം കോഴിക്കോട് മിംസ് ആസ്പത്രിയില്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. നാലുപേരും സുഖം പ്രാപിച്ചു വരികയാണ്. രണ്ടാഴ്ചയോളം ആസ്പത്രിയിലും തുടര്‍ന്ന് രണ്ടു മാസം ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലും ചികിത്സ തുടരണം.

ഇസ്മായിലിനെ സഹായിക്കാന്‍ നാട്ടുകാര്‍ നേരത്തേ എം.സി.ഹസന്‍കുട്ടി ഹാജി ചെയര്‍മാനും എം.ഇസ്മായീല്‍ കണ്‍വീനറുമായി ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം നടത്തിയിരുന്നു. ഈ യുവാവിന്റെ തുടര്‍ചികിത്സക്കും മറ്റുമായി ഇനിയും വലിയ തുക ആവശ്യമുള്ളതിനാല്‍ ഫെഡറല്‍ ബാങ്കിന്റെ ചെമ്മാട് ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 15720100107073, ഐ.എഫ്.സി കോഡ്: എഫ്.ഡി.ആര്‍.എല്‍ 0001572.


 

 




MathrubhumiMatrimonial