
അര്‍ബുദരോഗികള്‍ക്ക് ആശാകേന്ദ്രമായി കുടശ്ശനാട്ടെ ഡ്രൈവര്‍മാര്‍
Posted on: 10 Apr 2015

പന്തളം: വീട്ടില്‍ അരിവാങ്ങാന്‍ പണം ലഭിച്ചില്ലെങ്കിലും ദിവസം ഇരുപതുരൂപ അവര്‍ മാറ്റിവെക്കും. ഓട്ടം കുറവായാലും അവര്‍ പതിവ് തെറ്റിക്കാറില്ല. 20 രൂപ ഇരട്ടിച്ച് രണ്ടായിരമായാല്‍ അത് നിര്‍ധനരായ രോഗികള്‍ക്ക് നല്‍കും. കുടശ്ശനാട് സ്റ്റാന്‍ഡിലെ 22 ഡ്രൈവര്‍മാരാണ് കാരുണ്യത്തിന്റെ വഴിയില്‍ അര്‍ബുദരോഗികള്‍ക്ക് തണലാകുന്നത്. യൂണിറ്റ് സെക്രട്ടറിയായ സുനില്‍കുമാറിന്റെ കണ്ണില്‍ത്തടഞ്ഞ ഒരു ദയനീയ കാഴ്ചയാണ് ഡ്രൈവര്‍മാരുടെ ഈ കൂട്ടായ്മയ്ക്കു കാരണം. തിരുവനന്തപുരം ആര്‍.സി.സി.യില്‍ ഒരു രോഗിയുമായി പോയ സുനില്‍കുമാര്‍ മരുന്നുവാങ്ങാന്‍ കൈനീട്ടുന്ന അര്‍ബുദരോഗിയെ കണ്ടു. കൈയിലെ പണം മുഴുവന്‍ കാലിയാക്കി മരുന്നുവാങ്ങി കുടുംബംതന്നെ പട്ടിണിയിലേക്കുനീങ്ങുന്ന സാഹചര്യത്തിലുള്ള കുടുംബങ്ങളെ സഹായിക്കാന്‍ അങ്ങനെ അവര്‍ ചേര്‍ന്ന് തീരുമാനമെടുത്തു.
2000 രൂപ ഒരു വലിയ തുകയല്ലെങ്കിലും ഒരു നേരത്തെ മരുന്നിനെങ്കിലും അത് ഉപകരിക്കുമെന്നാണ് ഇവരുടെ നല്ലമനസ്സിന്റെ കണക്കുകൂട്ടല്‍. ഡ്രൈവര്‍മാരുടെ ശ്രമത്തിനുതാങ്ങായി കുടശ്ശനാട്ടെ ഒരു സ്റ്റുഡിയോയുടമയും പലചരക്കുവ്യാപാരിയും കൂടെച്ചേര്‍ന്നു. രാഷ്ട്രീയവര്‍ണവിവേചനങ്ങളൊന്നും ഇവരുടെ കൂട്ടായ്മയില്‍ വിള്ളല്‍വീഴ്ത്തിയില്ല.
ഉദ്ഘാടനത്തിനുമുമ്പ് മൂന്നുപേര്‍ക്കും ഉദ്ഘാടന ദിവസം അഞ്ചുപേര്‍ക്കും അവര്‍ പണംനല്‍കി. 14 വയസ്സുകാരനായ മറ്റപ്പള്ളിസ്വദേശി ആനന്ദ്‌ലാലും ഡ്രൈവര്‍മാരുടെ സാഹായമേറ്റുവങ്ങിയവരില്‍പ്പെടുന്നു. 'സ്‌നേഹനിധി ഡ്രൈവേഴ്‌സ് യൂണിറ്റ്' എന്നപേരില്‍ തുടങ്ങിയ കൊച്ചു സംഘടയുടെ ഉദ്ഘാടനം മാവേലിക്കര ജോയിന്റ് ആര്‍.ടി.ഒ. ആര്‍.രമണന്‍ നിര്‍വഹിച്ചു. നൂറനാട് എസ്.ഐ. ജമാല്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓമന വിജയന്‍ അംഗങ്ങളായ ആര്‍.രഘുനാഥ്, ജസ്റ്റിന്‍ ജേക്കബ്, കാത്തലിക് സിറിയന്‍ ബാങ്ക് മാനേജര്‍ ടി.ജെയിംസ്, രവീന്ദ്രക്കുറുപ്പ്, അജയഘോഷ്, സുജാത സോമന്‍പിള്ള, യൂണിറ്റ് പ്രസിഡന്റ് കെ.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
