Crime News

മണ്ണ്-മണല്‍ കടത്ത്: 13 വാഹനങ്ങള്‍ പിടികൂടി

Posted on: 09 Apr 2015


ഒറ്റപ്പാലം: അനധികൃതമായി മണലും മണ്ണും കടത്തിയതിനും നെല്‍വയല്‍ മണ്ണിട്ട് നികത്തിയതിനും 13 വാഹനങ്ങള്‍ ഒറ്റപ്പാലം സബ് കളക്ടര്‍ നൂഹ് പി. ബാവയുടെ പ്രത്യേകസംഘം പിടികൂടി. മണല്‍പാസ് ദുരുപയോഗം ചെയ്ത് മണല്‍ കടത്തിയ വാഹനങ്ങളും പിടിയിലായിട്ടുണ്ട്. തീയതി കഴിഞ്ഞ പാസുള്ളവയും പാസില്‍ രേഖപ്പെടുത്താത്ത സ്ഥലത്തേക്ക് മണല്‍ കടത്തിയവയുമാണ് കസ്റ്റഡിയിലായത്.

മണല്‍ കടത്തിയതിന് തൃത്താല കാവില്‍പ്പടി കടവിന് സമീപത്തുനിന്ന് രണ്ട് ലോറികള്‍, ഓങ്ങല്ലൂര്‍ മരുതൂര്‍ സെന്ററിന് സമീപത്തുനിന്ന് ഒരു ലോറി, നാട്യമംഗലം തോണിക്കടവില്‍നിന്ന് മിനിലോറി, പാണ്ടിയാട്ടില്‍ കടവില്‍നിന്ന് ഒരു ട്രാക്‌സ് എന്നിവയാണ് പിടികൂടിയത്.

കുന്നിടിച്ച് മണ്ണുകടത്തലില്‍ ഉപയോഗിച്ചതിന് കുലുക്കല്ലൂര്‍ പുറമത്രയില്‍നിന്ന് ഒരു ജെ.സി.ബി.യും രണ്ട് ടിപ്പര്‍ ലോറികളും തൃത്താല സെന്ററിന് സമീപത്തുനിന്ന് ഒരു ലോറി, മുടവന്നൂര്‍ റോഡില്‍നിന്ന് ഒരു ലോറി, പട്ടിത്തറ പടിഞ്ഞാറങ്ങാടിയില്‍ നിന്ന് ഒരു ടിപ്പര്‍ ലോറി, ആനക്കര മലമല്‍ക്കാവില്‍ നിന്ന് ഒരു ലോറി, നെല്‍വയല്‍ നികത്താനെത്തിച്ച ഒരു ജെ.സി.ബി. എന്നിവയും കസ്റ്റഡിയിലെടുത്തു.

കുലുക്കല്ലൂര്‍ തത്തനംപിള്ളി, പാണ്ടിയാട്ടില്‍ കടവ് എന്നിവിടങ്ങളില്‍ അനധികൃതമായി ശേഖരിച്ചിരുന്ന രണ്ട് ലോഡ് മണല്‍ പിടികൂടി പാലക്കാട് നിര്‍മ്മിതികേന്ദ്രയ്ക്ക് കൈമാറി. ഒറ്റപ്പാലം ഡപ്യൂട്ടിതഹസില്‍ദാര്‍മാരായ പി. വിജയഭാസ്‌കര്‍, എന്‍. ശിവരാമന്‍, ടി.പി. കിഷോര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

 

 




MathrubhumiMatrimonial