Crime News

തീയിട്ട വീടിനുള്ളില്‍ കുടുങ്ങി വീട്ടമ്മ മരിച്ച സംഭവം: ബംഗാളി യുവാവിനെ തെളിവെടുപ്പിനായി കൊണ്ടുവന്നു

Posted on: 09 Apr 2015


വെങ്കിടങ്ങ്: മകളെ കെട്ടിച്ചുതരാത്തതിന് വീടിന് തീയിട്ട് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് പിടിയിലായ ബംഗാളി യുവാവിനെ വീണ്ടും തെളിവെടുപ്പിനായി തൊയക്കാവില്‍ കൊണ്ടുവന്നു. സംഭവത്തില്‍ പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

തൊയക്കാവ് കോഴിപ്പറമ്പില്‍ പുതുവച്ചോല വീട്ടില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ(55)യാണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകള്‍ സീനത്ത് ആ നില തുടരുകയാണ്.

സമീപത്തെ പുരയിടത്തില്‍ വീട് നിര്‍മ്മാണത്തിനെത്തിയ സോജിബുള്‍ അലി മണ്ടല്‍ (24) എന്ന ജെയ്ബുവെന്നും റോബിയെന്നും വിളിക്കുന്ന ബംഗാളിയാണ് പോലീസ് പിടിയിലായത്. ഇയാളെ തെളിവെടുപ്പിനായി സിഐ കെ. സുദര്‍ശന്‍, എസ്‌ഐ എം.കെ. രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സംഭവസ്ഥലത്ത് കൊണ്ടുവന്നത്.

സോജിബുള്‍ അലി മണ്ടലുമായി സീനത്ത് പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. വിവാഹം ഏതാണ്ട് ഉറപ്പിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ പിന്നീട് നിരസിച്ചു. ഈ വൈരാഗ്യമാണത്രെ വീടിന് തീയിടാന്‍ കാരണം.

തിങ്കളാഴ്ച നാല് മണിയോടെ തൊയക്കാവിലെത്തിയ യുവാവ് രാത്രിയാവോളം കറങ്ങിനടന്നു. ഒമ്പതരയോടെ കോഴിപ്പറമ്പിലെത്തിയ യുവാവ് പരിസരവാസികള്‍ ഉറങ്ങാനായി കാത്തിരുന്നു. ഇതിനിടെ കയ്യില്‍ കരുതിയിരുന്ന ഭക്ഷണം സമീപത്തെ വീട്ടില്‍വെച്ച് കഴിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ സമീപവാസിയായ ഉമ്മറിന്റെ വീട്ടില്‍നിന്ന് കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മരക്കുതിര കൊണ്ടുവന്ന് വീടിന്റെ ഉമ്മറത്തിട്ടു. ഇതില്‍ കയറിനിന്ന് വീടിനകത്തേക്ക് നോക്കിയപ്പോള്‍ സീനത്ത് മൊബൈലില്‍ മറ്റാരോടോ വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നത് ബംഗാളി യുവാവ് കേട്ടു. ഇതോടെ ദേഷ്യം കൂടിയതായി സോജി പോലീസിനോട് പറഞ്ഞു. കാനില്‍ വാങ്ങിയിരുന്ന മണ്ണെണ്ണ വീടിന്റെ വടക്കുഭാഗത്ത് ചുമരിന് മുകളിലൂടെ ഒഴിച്ചു. അടുക്കളഭാഗം കൂടിയായിരുന്നു ഇത്. മണ്ണെണ്ണ ഒഴിച്ചതോടെ തീ ആളിപ്പടര്‍ന്നു. പിന്നീട് സ്ഥലംവിട്ടു.

ആദ്യം ചേറ്റുവ അഞ്ചങ്ങാടിയില്‍ പോയി. തുടര്‍ന്ന് സുഹൃത്തുക്കള്‍ താമസിക്കുന്ന അന്നകരയിലേക്കാണ് പോയത്. രാവിലെ നാടുവിടാനായിരുന്നു പരിപാടിയെന്ന് സോജി പോലീസിനോട് പറഞ്ഞു. ഒന്നര മാസം മുമ്പ് വൈദ്യുതി ഷോക്കടിപ്പിച്ച് കൊലപ്പെടുത്താനുള്ള ശ്രമം നടന്നത് പോലീസിനോട് സോജി സമ്മതിച്ചിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് സോജിയെ കൊണ്ടുവന്ന് തെളിവെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് പ്രതിയെ തിരിച്ച് കൊണ്ടുപോകുകയായിരുന്നു. ബുധനാഴ്ച കനത്ത പോലീസ് സന്നാഹത്തോടെയായിരുന്നു തെളിവെടുപ്പ്.

ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സീനത്തിന്റെ മൊഴി കുന്നംകുളം മജിസ്‌ട്രേറ്റ് എടുത്തതായി പോലീസ് പറഞ്ഞു. കുഞ്ഞിപ്പാത്തുമ്മയുടെ മൃതശരീരം തൊയക്കാവ് പള്ളിയില്‍ കബറടക്കി.

 

 




MathrubhumiMatrimonial