Crime News

ഭര്‍ത്താവിന്റെ ജാമ്യത്തിനെതിരെ യുവതിയുടെ പിതാവ്‌

Posted on: 09 Apr 2015


വിദേശത്ത് യുവതിയുടെ മരണം

കൊച്ചി:
വിവാഹം കഴിഞ്ഞ് വിദേശത്തുപോയ യുവതിയെ കാണാതായെന്ന കേസില്‍ ഭര്‍ത്താവിന്‍റെ ജാമ്യത്തെ എതിര്‍ത്ത് യുവതിയുടെ വീട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചു. പത്ത് വര്‍ഷം മുന്‍പത്തെ സംഭവത്തില്‍ ഭാര്യ സ്മിതയെ കാണാതായെന്നാണ് ഭര്‍ത്താവ് ആന്റണി സ്മിതയുടെ വീട്ടുകാരെ അറിയിച്ചിരുന്നത്. എന്നാല്‍ കാണാതായെന്ന് പറയുന്ന ദിവസം തന്നെ ദുബായിയില്‍ മോര്‍ച്ചറിയില്‍ അവരുടെ മൃതദേഹം എത്തിയതായി അറിയിപ്പ് കിട്ടിയിട്ടുണ്ടെന്ന് കക്ഷി ചേരല്‍ അപേക്ഷയില്‍ സ്മിതയുടെ പിതാവ് ഇടപ്പള്ളി ചങ്ങമ്പുഴ റോഡില്‍ താമസിക്കുന്ന ജോര്‍ജ് പറയുന്നു.

സ്മിതയെ കൊലപ്പെടുത്തുകയായിരുന്നെന്ന് ദുബായ് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അപേക്ഷയിലുണ്ട്. മോര്‍ച്ചറിയിലെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഉറപ്പാക്കാന്‍ ഡി.എന്‍.എ. പരിശോധന നടത്തിവരികയാണ്.
2005 മെയ് 16-നാണ് സ്മിത വിവാഹിതയായത്. 2005 സപ്തംബര്‍ 1-ന് ആന്റണി ഭാര്യയെ വിദേശത്തേക്ക് കൊണ്ടുപോയി. സപ്തംബര്‍ 3-നാണ് ഭാര്യയെ കാണാതായെന്ന് വീട്ടുകാരെ അറിയിച്ചത്. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പിന്നീട് നാട്ടിലെത്തിയ ആന്റണിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 

 




MathrubhumiMatrimonial