Crime News

8 വര്‍ഷം മുമ്പുള്ള ആക്രമണ കേസില്‍ പുനരന്വേഷണത്തിന് കോടതി ഉത്തരവ്‌

Posted on: 09 Apr 2015


പറവൂര്‍: 8 വര്‍ഷം മുമ്പ് നടന്ന ആക്രമണ കേസ് പുനരന്വേഷിക്കാന്‍ പറവൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവ്. പോലീസ് കുറ്റപത്രം സമര്‍പ്പിച്ച് വിസ്താരം തുടങ്ങിയ കേസിലാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്. കട്ടത്തുരുത്ത് പഴമ്പിള്ളിശ്ശേരില്‍ ഗോപാലകൃഷ്ണന്‍, അഡ്വ. ജിമ്മി വര്‍ഗീസ്, കെ.ബി. നിഥിന്‍കുമാര്‍ എന്നിവര്‍ മുഖേന സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയിലാണ് മജിസ്‌ട്രേട്ട് കെ.എം. സുജയുടെ ഉത്തരവ്.

2006-ല്‍ കട്ടത്തുരുത്തിലാണ് ആക്രമണം നടന്നത്. ഹര്‍ജിക്കാരനായ ഗോപാലകൃഷ്ണനെ രാജേന്ദ്ര പ്രസാദും മറ്റും ചേര്‍ന്ന് ആക്രമിച്ചതായാണ് കേസ്. പോലീസ് എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു. അന്ന് 4 പേര്‍ക്കെതിരെ മൊഴി നല്‍കിയിരുന്നെങ്കിലും കുറ്റപത്രത്തില്‍ പ്രതിസ്ഥാനത്ത് ഒരാളെ മാത്രമാണ് ഉള്‍പ്പെടുത്തിയതെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. വിസ്താരത്തിനിടെ കുറ്റപത്രം അപൂര്‍ണമാണെന്ന് കാട്ടി പ്രോസിക്യൂഷനെ എതിര്‍കക്ഷിയാക്കിയാണ് സ്വകാര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ജൂണ്‍ 6-നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതിയുടെ ഉത്തരവ്.

 

 




MathrubhumiMatrimonial