Crime News

കുട്ടിക്കുറ്റവാളികളുടെ എണ്ണത്തില്‍ അഞ്ചിരട്ടി വര്‍ധന

Posted on: 09 Apr 2015


തൊടുപുഴ: ജില്ലയില്‍ കുട്ടിക്കുറ്റവാളികള്‍ വര്‍ദ്ധിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ കുട്ടിക്കുറ്റവാളികളുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കുട്ടികള്‍ ഉള്‍പ്പെട്ട മൂന്ന് വന്‍ മോഷണക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മോഷണം, കഞ്ചാവ് വില്‍പ്പന എന്നിവയാണ് കുട്ടികള്‍ ഉള്‍പ്പെടുന്ന പ്രധാന കേസുകള്‍.

കുമളിയില്‍ കഴിഞ്ഞ ദിവസം കുരുമുളക് മോഷ്ടിച്ച കേസിലെ ഒന്നാം പ്രതി പതിനേഴുകാരനാണ്. അയല്‍വാസിയോടൊപ്പം ചേര്‍ന്ന് മോഷ്ടിച്ചത് 100 കിലോ കുരുമുളകാണ്. കുമളി ആനവിലാസം താഴത്തുപറമ്പില്‍ ബിജു ജോസഫിന്റെ വീടിനു പിന്നിലെ ചായ്പില്‍ നിന്നാണ് ഇവര്‍ കുരുമുളക് മോഷ്ടിച്ചത്. രണ്ടാം പ്രതിയായ ബാലചന്ദ്രനെ റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത അന്യസംസ്ഥാനക്കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ എച്ച്.കൃഷ്ണകുമാര്‍ മുമ്പാകെ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.

ഒരു മാസത്തിനുള്ളില്‍ പല തവണയായിട്ടാണ് ഇവര്‍ മോഷണം നടത്തിയത്. ആസൂത്രണത്തിനും വില്‍പ്പനയ്ക്കും മുന്‍പില്‍ നിന്നത് പതിനേഴുകാരനാണ്. കുമളിയിലെ ദേവിക്ഷേത്രത്തില്‍ ഒരാഴ്ച മുന്‍പ് നടന്ന മോഷണത്തിന് നേതൃത്വം നല്‍കിയവരില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. സന്ധ്യയോടെ ക്ഷേത്രത്തില്‍ കടന്ന സംഘം മോഷണം നടത്തിയശേഷം പുറത്തിറങ്ങി ബസ് സ്റ്റാന്‍ഡില്‍ വിശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. കുട്ടികളായതിനാല്‍ സംശയിക്കില്ലെന്ന ഉറപ്പിലാണ് ക്ഷേത്രത്തില്‍ ആളുകള്‍ ഉള്ളപ്പോള്‍തന്നെ ഇവര്‍ മോഷണം നടത്തിയത്.

ബൈക്ക് മോഷണം, ബൈക്കില്‍ കഞ്ചാവ് വിതരണം എന്നീ കേസുകളില്‍ പിടിയിലാകുന്നതിലേറെയും കുട്ടികളാണ്. ആര്‍ഭാടജീവിതത്തിനും മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നതിനും യാത്ര പോകുന്നതിനും പണം കണ്ടെത്താനാണ് മോഷണം നടത്തുന്നതെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ പറഞ്ഞു.

 

 




MathrubhumiMatrimonial