
സ്പരിറ്റ് കടത്തിയ വാഹനങ്ങള്‍ പിടികൂടിയ എക്‌സൈസ് സംഘത്തിന് ഒരുലക്ഷം രൂപ സമ്മാനം
Posted on: 09 Apr 2015
നല്‍കിയത് പിടികൂടിയ വാഹനങ്ങള്‍ ലേലംചെയ്ത് കിട്ടിയതിന്റെ 25 ശതമാനം
ഹരിപ്പാട്: സ്പിരിറ്റ് കടത്തിയ വാഹനങ്ങള്‍ പിടികൂടിയതിന് ഹരിപ്പാട്ടെ മുന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കും സംഘാംഗങ്ങള്‍ക്കും എക്‌സൈസ് വകുപ്പ് ഒരുലക്ഷം രൂപ സമ്മാനം നല്‍കി. എക്‌സൈസ് ഇന്‍സ്‌പെക്ടറായിരുന്ന എസ്. അശോക് കുമാറിനും സംഘത്തിലുണ്ടായിരുന്ന പ്രവന്റീവ് ഓഫീസര്‍മാര്‍ക്കും സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ക്കുമായാണ് ഈ തുക വീതിച്ചുനല്‍കിക്കൊണ്ട് എക്‌സൈസ് കമ്മീഷണര്‍ ഉത്തരവിട്ടത്.
സ്പിരിറ്റ് കടത്തിന് പിടികൂടുന്ന വാഹനങ്ങള്‍ ലേലംചെയ്തുകിട്ടുന്ന തുകയുടെ 25 ശതമാനം പിടികൂടുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നാണ് ചട്ടം. ഇതനുസരിച്ച് ആലപ്പുഴ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ് നല്‍കിയ ശുപാര്‍ശ പ്രകാരമാണ് നടപടി.
2013 മെയ് 17ന് സ്പിരിറ്റുകടത്തുമായി ബന്ധപ്പെട്ട് രണ്ട് കാറുകളാണ് അന്നത്തെ എക്‌സൈസ് സംഘം പിടികൂടിയത്. രണ്ട് വിദ്യാര്‍ഥികളടക്കം അഞ്ചുപേരെ അറസ്റ്റുചെയ്തു. ഈ കാറുകള്‍ 3,65,000 രൂപയ്ക്കാണ് ലേലത്തില്‍ പോയത്. അതേ വര്‍ഷം ജൂണ്‍ രണ്ടിന് സ്പിരിറ്റുമായി ഒരു കാര്‍ പിടികൂടിയിരുന്നു. ഈ കാര്‍ ലേലം ചെയ്തുകിട്ടിയത് 35,000 രൂപയാണ്. രണ്ട് കേസുകളിലുമായി എക്‌സൈസ് വകുപ്പിനുണ്ടായ വരുമാനം നാലുലക്ഷം രൂപയാണ്. ഈ തുകയുടെ 25 ശതമാനമായ ഒരു ലക്ഷം രൂപ ഉദ്യോഗസ്ഥര്‍ക്ക് വീതിച്ചുനല്‍കുകയായിരുന്നു.
ഇന്‍സ്‌പെക്ടര്‍ അശോക് കുമാറിനൊപ്പം പ്രിവന്റീവ് ഓഫീസര്‍മാരായ അരുണ്‍കുമാര്‍, സുനില്‍കുമാര്‍, കിഷോര്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനോദ്, പ്രകാശ് ബാബു, അജിത്കുമാര്‍, ആനന്ദരാജ്, ഗോപകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് വാഹനങ്ങള്‍ പിടികൂടിയിരുന്നത്. അശോക് കുമാര്‍ ഇപ്പോള്‍ ചങ്ങനാശ്ശേരിയിലെ എക്‌സൈസ് ഇന്‍സ്‌പെക്ടറാണ്.
