goodnews head

ഹര്‍ത്താലില്‍ വാഹനം കിട്ടാത്തവരെ വീടുകളിലെത്തിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ മാതൃകയായി

Posted on: 09 Apr 2015


ചെങ്ങന്നൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ വാഹനം കിട്ടാതെ വിഷമിച്ച യാത്രക്കാരെ വീടുകളിലെത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ സൗജന്യസേവനം പ്രശംസ പിടിച്ചുപറ്റി. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ഇതിനായി ഒരുപറ്റം ചെറുപ്പക്കാര്‍ രംഗത്തിറങ്ങിയത്. ഫേസ് ബുക്ക് കൂട്ടായ്മയായ 'എന്റെ ചെങ്ങന്നൂരും' 'സേ നോ ടു ഹര്‍ത്താല്‍' ചെങ്ങന്നൂര്‍ യൂണിറ്റും ചേര്‍ന്നായിരുന്നു ഈ വേറിട്ട സേവനസംരംഭം.
ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. വാഹനം കിട്ടാതെ വിഷമിച്ചുനിന്നവരെ വീട്ടിലെത്തിക്കാന്‍ ഇവര്‍ തയ്യാറായപ്പോള്‍ തുക എത്രയെന്നായിരുന്നു ചിലരുടെ ചോദ്യം. സാജന്യയാത്രയാണെന്ന് പറഞ്ഞപ്പോള്‍ യാത്രക്കാര്‍ക്ക് ആദ്യമത് വിശ്വസിക്കാനായില്ല. ചിലര്‍ ചെറുപ്പക്കാരുടെ സേവനത്തെ കലവറയില്ലാതെ പ്രശംസിക്കാനും മറന്നില്ല.

സ്വന്തം ബൈക്കുമായി ഇവിടെ എത്തിയ പ്രവര്‍ത്തകര്‍ യാത്രക്കാരെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളിലെത്തിക്കാനാണ് തീരുമാനിച്ചത്. പക്ഷേ, സേവനം ആവശ്യപ്പെട്ട് കൂടുതല്‍ ദൂരത്തില്‍ പോകേണ്ട യാത്രക്കാരെത്തിയപ്പോള്‍ മുന്‍ തീരുമാനം മാറ്റേണ്ടിവന്നു. അങ്ങനെ പരമാവധി ദൂരത്തില്‍ യാത്രക്കാരെ കൊണ്ടുചെന്നുവിടാന്‍ തീരുമാനിച്ചു.

എട്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളില്‍വരെ ഇവര്‍ യാത്രക്കാരെ കൊണ്ടുവിട്ടു. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ട്രെയിനില്‍ വന്നിറങ്ങിയവരായിരുന്നു ഈ യാത്രക്കാരിലധികവും. ഉച്ചയായപ്പോഴേക്കും 15 ഓളം പേരെ ഇവര്‍ വീടുകളില്‍ എത്തിച്ചു. കോഴഞ്ചേരി, ഓതറ, കോട്ട, തിരുമൂല, മാന്നാര്‍, പ്രാവിന്‍കൂട് തുടങ്ങിയ സ്ഥലങ്ങളിലാണ് പലരെയും എത്തിച്ചത്. വീട്ടില്‍ കൊണ്ടുചെന്നുവിട്ടപ്പോള്‍ പലരും പണം വച്ചുനീട്ടിയെങ്കിലും സ്‌നേഹപൂര്‍വ്വം അത് നിരസിച്ചു. ഇവര്‍ സ്വന്തം പണം ഉപയോഗിച്ച് പെട്രോള്‍ അടിച്ചാണ് ഈ സേവനം നടത്തിയത്. അനില്‍ സോളമന്‍, സജി പാറപ്പുറം, ശ്രീരാജ് വിജയന്‍, രാജീവ് പള്ളത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 




MathrubhumiMatrimonial