goodnews head

ഇതു കാരുണ്യത്തിന്റെ വെളിച്ചം: വൃക്കരോഗിയായ യുവാവിന്റെ വീട്ടില്‍ വൈദ്യുതി ജീവനക്കാരുടെ ചെലവില്‍ വെളിച്ചമെത്തി

Posted on: 09 Apr 2015


സീതത്തോട്: ഇരുവൃക്കകളും തകരാറിലായ യുവാവിന്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ സ്വന്തം കീശയില്‍നിന്ന് പണംമുടക്കി വൈദ്യുതികണക്ഷന്‍ നല്‍കി കാരുണ്യത്തിന്റെ പുത്തന്‍മാതൃകയായി. കൊച്ചുകോയിക്കല്‍ കല്ലില്‍വീട്ടില്‍ ടോബി വര്‍ഗീസിന് (35) ആണ് കക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാര്‍ പതിനയ്യായിരത്തില്‍പരം രൂപ വൈദ്യുതി ബോര്‍ഡിലടച്ച് കഴിഞ്ഞദിവസം സീതത്തോട്ടിലെ ടാക്‌സിഡ്രൈവറായിരുന്ന ടോബി വര്‍ഗീസ് പുതിയ വീടു പണിതുകൊണ്ടിരുന്നപ്പോഴാണ് ഇരുവൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടിയത്. രോഗബാധിതനായതോടെ ഈ യുവാവിന്റെ സ്വപ്‌നങ്ങളെല്ലാം തകര്‍ന്നു.

വീടുപണി മുടങ്ങി. കയറിക്കിടക്കാനിടമില്ലാത്തതിനാല്‍ പണിതീരാത്ത വീട്ടില്‍ത്തന്നെ താമസം തുടങ്ങുകയായിരുന്നു. പണമില്ലാഞ്ഞതിനാല്‍ വീടിന് വൈദ്യുതി കണക്ഷനെടുക്കുന്നത് ആലോചിക്കാന്‍കൂടി കഴിഞ്ഞിരുന്നില്ല. രോഗബാധിതനായ യുവാവിന്റെ ഫ്രീസറില്‍ സൂക്ഷിക്കേണ്ട മരുന്നും മറ്റും സൂക്ഷിക്കുന്നതുപോലും അയല്‍വീടുകളിലായിരുന്നു. കഴിഞ്ഞദിവസം ടോബിയുടെ ദുരിതകഥയറിഞ്ഞ കക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാര്‍ വീട്ടിലെത്തി ആവശ്യമായ സഹായമുറപ്പുനല്‍കി. ഇയാളുടെ വീട്ടിലേക്ക് ഒരു പോസ്റ്റിട്ടെങ്കിലേ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ.

ലൈന്‍ വലിച്ചുകൊണ്ടുപോകുന്നതിന് അയല്‍വാസികളുടെ സമ്മതപത്രം വേണമായിരുന്നു. എല്ലാം വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍തന്നെ മുന്നിട്ടിറങ്ങി പരിഹരിച്ചു. പോസ്റ്റിന്റെ വിലയും അനുബന്ധ ചെലവുകളുമായി 15,000 രൂപ ജീവനക്കാര്‍ സ്വന്തം കൈയില്‍നിന്നെടുത്ത് വൈദ്യുതി ബോര്‍ഡില്‍ അടച്ചു. ഇതോടെ ടോബിയുടെ വീട്ടില്‍ വെളിച്ചമെത്തുന്നതിനുള്ള തടസ്സങ്ങളെല്ലാം നീങ്ങി. ചൊവ്വാഴ്ച രാവിലെ കക്കാട് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ അജിത്കുമാര്‍, ഓവര്‍സിയര്‍ പി.ജി.ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ സെക്ഷനിലെ ജീവനക്കാര്‍ ഒന്നടങ്കമെത്തി പണികളെല്ലാം പൂര്‍ത്തിയാക്കി. തുടര്‍ന്ന് വടശ്ശേരിക്കര ഇലക്ട്രിക്കല്‍ മേജര്‍ സെക്ഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ബിജുരാജ് വൈദ്യുതി കണക്ഷന്‍ നല്‍കി. ജീവനക്കാരുടെ കാരുണ്യവാര്‍ത്തയറിഞ്ഞ് ഒട്ടേറെ നാട്ടുകാരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

 

 




MathrubhumiMatrimonial