goodnews head

ഹര്‍ത്താല്‍ അലസരുടെ സമരം; ഇത് ഞങ്ങളുടെ ജീവിതം

Posted on: 09 Apr 2015


ചെറുതോണി: 'ഹര്‍ത്താല്‍ അലസന്മാരുടെ സമരമാണ്. ഞങ്ങള്‍ക്ക് കഞ്ഞി കുടിക്കണമെങ്കില്‍ എല്ലുമുറുകെ പണിയെടുക്കണം'. ഹര്‍ത്താല്‍ദിനത്തില്‍ പാടത്ത് കൊയ്യുന്ന തൊഴിലാളികള്‍ പറഞ്ഞതാണ് ഇത്. ഓരോ ഹര്‍ത്താലും നടത്തുമ്പോഴും ലക്ഷക്കണക്കിന് പാവപ്പെട്ട കൂലിപ്പണിക്കാര്‍ക്കാണ് ആ ദിവസത്തെ ജോലിയും കൂലിയും നഷ്ടപ്പെടുന്നത്. ഏതെങ്കിലും ഹര്‍ത്താല്‍കൊണ്ട് എന്തെങ്കിലും നേടിയെടുത്തിട്ടുണ്ടോയെന്നാണ് ഹര്‍ത്താല്‍ദിവസം പാടത്ത് ജോലിചെയ്യുന്ന സ്ത്രീകള്‍ ചോദിച്ചത്.

പലര്‍ക്കും ഹര്‍ത്താല്‍ദിവസം വീട്ടില്‍ ആഘോഷമാണ്. അന്നന്ന് കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ഞങ്ങള്‍ ഒരു ദിവസം അവധിയെടുത്താല്‍ വീട്ടില്‍ കഞ്ഞിവെയ്ക്കാനാവില്ല. ഞായറാഴ്ചപോലും പണിക്ക് പോയാണ് ഞങ്ങളില്‍ പലരും നിത്യജീവിതം തള്ളിനീക്കുന്നത്. ഞങ്ങളെപോലുള്ളവരുടെ കഞ്ഞികുടി മുട്ടിച്ചിട്ടല്ല സമരം നടത്തേണ്ടതെന്ന് സ്ത്രീതൊഴിലാളികള്‍ പറഞ്ഞു.

ഹര്‍ത്താലില്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ രോഗികള്‍ ചൂടുവെള്ളം പോലും ലഭിക്കാതെ വലഞ്ഞു. ആസ്പത്രി കാന്റീന്‍ അടച്ചുപൂട്ടിയതിനാല്‍ ആഹാരത്തിന് ചെറുതോണി ടൗണിനെയായിരുന്നു രോഗികളില്‍ പലരും ആശ്രയിച്ചിരുന്നത്. മെഡിക്കല്‍ കോളേജ് ഭാഗത്ത് വാഹനസൗകര്യം ഏറെ കുറവായതിനാല്‍ ഓട്ടോറിക്ഷകളായിരുന്നു രോഗികളുടെ ആശ്രയം. ഹര്‍ത്താല്‍ദിനത്തില്‍ ഇതെല്ലാം നിശ്ചലമായതാണ് രോഗികളെ ദുരിതത്തിലാക്കിയത്.



 

 




MathrubhumiMatrimonial