goodnews head

'റോയല്‍' ചൊവ്വാഴ്ച ഓടിയത് വേദനിക്കുന്നവരെ സഹായിക്കാന്‍

Posted on: 08 Apr 2015


പാലിയേറ്റീവ് ക്ലിനിക്കിന് 1.25 ലക്ഷം കൈമാറി


വളാഞ്ചേരി: മാറാരോഗങ്ങളാല്‍ വേദന തിന്നുന്നവരെ ഏങ്ങനെ സഹായിക്കാമെന്ന് ചിന്തിക്കുന്നവര്‍ സമൂഹത്തില്‍ എത്രയുണ്ട്? ഉത്തരമെന്തായാലും റോയല്‍ ട്രാന്‍സ്‌പോര്‍ട്ട് ഉടമകളും ജീവനക്കാരും വേദനിക്കുന്നവരോടൊപ്പമുണ്ട്. ചൊവ്വാഴ്ച ലഭിച്ച മുഴുവന്‍ വരുമാനവും ഒരുദിവസത്തെ ശമ്പളവുമടക്കം ഒന്നേകാല്‍ലക്ഷം രൂപ വളാഞ്ചേരി പാലിയേറ്റീവ് ക്ലിനിക്കിന് നല്‍കി ഇവര്‍ മാതൃകയായി.
അഷ്‌റഫ്, ഷെരീഫ്, ആദൃശ്ശേരി ഹൈദരാലി, ആദൃശ്ശേരി ഉസ്മാന്‍ ഹാജി എന്നീ സുഹൃത്തുക്കളാണ് റോയല്‍ ട്രാന്‍സ്‌പോര്‍ട്ട്‌സിന്റെ ഉടമകള്‍. ഇവര്‍ക്ക് പതിനൊന്ന് ബസ്സുകളും അതില്‍ 40 ജീവനക്കാരുമുണ്ട്. ബസ് സര്‍വീസന്റെ 15-ാം വാര്‍ഷികദിനമാണ് സമൂഹത്തിന് മാതൃകയാക്കാവുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഇവര്‍ തിരഞ്ഞെടുത്തത്.

തിരൂര്‍, പടപ്പറമ്പ്, കുറ്റിപ്പുറം, പേരശനൂര്‍, എടയൂര്, കോട്ടയ്ക്കല്‍, കാടാന്പുഴ ക്ഷേത്രം, വെണ്ടല്ലൂര്‍, കരേക്കാട്, മലപ്പുറം, പുലാമന്തോള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്ക് മുമ്പില്‍ ചൊവ്വാഴ്ച ഒരു ബാനര്‍ തൂക്കിയിട്ടിരുന്നു. 'യാത്രചെയ്ത് സഹായിക്കുക..., യാത്രക്കാര്‍ക്കും പങ്കാളികളാകാം..' എന്ന അപേക്ഷയോടെ. ഒപ്പം ബസ്സില്‍ ഒരു ബക്കറ്റും വെച്ചിരുന്നു. യാത്രക്കാര്‍ ചില്ലറത്തുട്ടുകളും നോട്ടുകളും നല്‍കിയും യാത്രക്കൂലിയുടെ ബാക്കിവാങ്ങാതെയും സഹകരിച്ചു.

ബസ്സില്‍ യാത്ര ചെയ്യാത്തവര്‍പോലും സംഭാവന നല്‍കിയതായി ബസ്സുടമകളിലൊരാളായ ഷെരീഫ് പറഞ്ഞു. അടുത്തവര്‍ഷവും വാര്‍ഷികദിനത്തില്‍ പാലിയേറ്റീവ് ക്ലിനിക്കിന് സംഭാവന നല്‍കാന്‍ ഇതേ മാതൃക സ്വീകരിക്കുമെന്നും മറ്റു ബസ്സുടമകളും ജീവനക്കാരും ഈ പുണ്യപ്രവൃത്തിയില്‍ പങ്കാളികളാകാമെന്ന് ഇപ്പോഴേ സമ്മതിച്ചിട്ടുണ്ടെന്നും റോയല്‍ ബസ്സുടമകള്‍ പറഞ്ഞു.
ബസ് ജീവനക്കാര്‍ അവരുടെ വേതനം പൂര്‍ണമായും പാലിയേറ്റീവ് ക്ലിനിക്കിന് സംഭാവന ചെയ്തപ്പോള്‍ അവരുടെ ദിവസച്ചെലവിനുള്ള തുക ബസ്സുടമകള്‍ നല്‍കി. ബസ്സുകള്‍ക്ക് അമ്പത് ലിറ്റര്‍ വീതം ഡീസലും അടിച്ചുനല്‍കി.

റോയല്‍ഗ്രൂപ്പ് നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഔപചാരികമായ പ്രഖ്യാപനം ബസ് സ്റ്റാന്‍ഡില്‍ ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ നിര്‍വഹിച്ചു. വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. അബ്ദുല്‍ഗഫൂര്‍ അധ്യക്ഷതവഹിച്ചു. ടി.പി. മൊയ്തീന്‍കുട്ടി, കെ.പി. ശങ്കരന്‍, അഷറഫലി കാളിയത്ത്, സുരേഷ് പാറത്തൊടി, ടി.എം. പത്മകുമാര്‍, പറശ്ശേരി അസൈനാര്‍, കെ.വി. ഉണ്ണികൃഷ്ണന്‍, ഫൈസല്‍ തങ്ങള്‍, വി.പി.എം. സാലിഹ്, റോയല്‍ അഷറഫ് എന്നിവര്‍ സന്നിഹിതരായി.
ലോകാരോഗ്യദിനത്തില്‍ വളാഞ്ചേരിയിലെ റോയല്‍ ഗ്രൂപ്പ്, വളാഞ്ചേരി പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിക്കുവേണ്ടി നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നാട്ടുകാര്‍ വലിയപിന്തുണയാണ് നല്‍കിയത്.


 

 




MathrubhumiMatrimonial