Crime News

കിളിമാനൂരില്‍ വീണ്ടും കോഴിമാലിന്യം നിക്ഷേപം; പ്രതിക്ഷേധവുമായി നാട്ടുകാര്‍

Posted on: 08 Apr 2015


കിളിമാനൂര്‍: പാതയോരങ്ങളില്‍ വീണ്ടും മാലിന്യ നിക്ഷേപം കണ്ടെത്തി. കോഴിക്കടയിലെ അവശിഷ്ടങ്ങളും അറവുശാലാമാലിന്യങ്ങളുമാണ് കഴിഞ്ഞദിവസം രാത്രി പ്ലൂസ്റ്റിക് ബാഗില്‍ നിറച്ച് റോഡില്‍ തള്ളിയിരിക്കുന്നത്. കിളിമാനൂര്‍ ഗവ.എച്ച്.എസ്.എസിനുമുന്നിലും മാലഞ്ചേരി ഐരുമൂല ശിവക്ഷേത്രത്തിനുമുന്നിലും കീഴ്‌പേരൂര്‍ പാടശേഖരത്തിനു സമീപത്തുമായാണ് മാലിന്യങ്ങള്‍ കാണപ്പെട്ടത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. റസിഡന്റ്‌സ് അസോസിയഷനുകളും മറ്റ് സാമൂഹ്യ കൂട്ടായ്മകളും നിരവധി തവണ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പോലീസിനും പരാതി നല്‍കിയിട്ടും ഫലമൊന്നും ഉണ്ടായിട്ടില്ല.

പാതിരാത്രിയിലാണ് മാലിന്യം ഈ മേഖലയില്‍ കൊണ്ടിടുന്നത്. വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, ജലാശയങ്ങള്‍, ജനവാസകേന്ദ്രങ്ങള്‍, പാടശേഖരങ്ങള്‍ എന്നിവയ്ക്ക് സമീപമാണ് വന്‍തോതില്‍ നിക്ഷേപിക്കുന്നത്. നഗരൂര്‍ കിളിമാനൂര്‍ പഞ്ചായത്തിലെ അതിര്‍ത്തി പ്രദേശമായ കാട്ടുചന്തയ്ക്കുസമീപം പോത്തിന്‍കുടല്‍ ഉള്‍പ്പെടെയുള്ള അറവുശാലാമാലിന്യങ്ങള്‍ കഴിഞ്ഞയാഴ്ച ചാക്കില്‍ കെട്ടിയിട്ടിരുന്നു. പലപ്പോഴും രാത്രികാലങ്ങളില്‍ ജനങ്ങള്‍ കാവലിരുന്നിട്ടും ഈ സംഘത്തെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. രണ്ടാഴ്ചയ്ക്ക് മുമ്പ് പിക്കപ്പ്വാനില്‍ മാലിന്യം നിക്ഷേപിക്കാനെത്തിയ സംഘത്തെ പോങ്ങനാട്ട് നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. വാഹനവും അജ്ഞാതര്‍ കത്തിച്ചിരുന്നു. നിരവധി നിരപരാധികളെ പോലീസ് കള്ളക്കേസില്‍ കുടുക്കുകയും ഒരു മാധ്യമപ്രവര്‍ത്തകനെ പോലീസ് ലോക്കപ്പിലിട്ട് മര്‍ദിക്കുകയും ചെയ്തിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്ക് നടുവിലാണ് വീണ്ടും പ്രദേശത്ത് മാലിന്യ നിക്ഷേപം കണ്ടെത്തിയത്. ഇവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.

 

 




MathrubhumiMatrimonial