Crime News

അക്രമിസംഘം വീട് അടിച്ചുതകര്‍ത്ത് ഗൃഹനാഥനെ മര്‍ദിച്ചു

Posted on: 08 Apr 2015


കാട്ടാക്കട: ബൈക്കുകളിലെത്തിയ അക്രമിസംഘം വീട് അടിച്ചുതകര്‍ത്ത് ഗൃഹനാഥനെ മര്‍ദിച്ചു.
കട്ടയ്‌ക്കോട് ബഥനിപുരത്ത് കഴിഞ്ഞദിവസം രാത്രി പത്തോടെയായിരുന്നു അക്രമം. കാട്ടാക്കട പൂച്ചെടിവിള അരുണോദയത്തില്‍ ജസ്റ്റിന്‍ രാജ് (40)നാണ് മര്‍ദനമേറ്റത്. ജസ്റ്റിന്‍ രാജിന്റെ കുടുംബവീടാണ് ബഥനിപുരത്തേത്. ഈ വീടിന്റെ ജനാലയും മുന്‍വാതിലുമാണ് അക്രമികള്‍ അടിച്ചുപൊട്ടിച്ചത്. ശബ്ദംകേട്ട് പുറത്തിറങ്ങിയപ്പോള്‍ ജസ്റ്റിന്‍ രാജിനെയും മര്‍ദിക്കുകയായിരുന്നു.

ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും അക്രമി സംഘം സ്ഥലംവിട്ടിരുന്നു. ആറ് ബൈക്കുകളിലായാണ് അക്രമികള്‍ വന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കാട്ടാക്കട പോലീസ് പറയുന്നു. തിങ്കളാഴ്ച രാവിലെയും ജസ്റ്റിന്‍ രാജിന് മര്‍ദനമേറ്റിരുന്നു. ഇയാളുടെ പരാതിയെത്തുടര്‍ന്ന് കാട്ടാക്കട പൂച്ചെടിവിള സ്വദേശി സനല്‍ (32)നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് തനിക്കുനേരെ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ഭയന്നാണ് ജസ്റ്റിന്‍ രാജ് വൈകീട്ടോടെ ബഥനിപുരത്തുള്ള കുടുംബവീട്ടിലേക്ക് മാറിയത്. ഇതറിഞ്ഞ അക്രമിസംഘം രാത്രിയിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ അറസ്റ്റിലായ സനലിനെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial