Crime News

വ്യാജ കരം രസീതുമായി വസ്തുവിന്റെ കരമടയ്ക്കാന്‍ ശ്രമം

Posted on: 08 Apr 2015


കഴക്കൂട്ടം: കൃത്രിമമായി സൃഷ്ടിച്ച കരം രസീതുമായി വന്ന് വസ്തുവിന്റെ കരം അടയ്ക്കാന്‍ ശ്രമം. ആറ്റിപ്ര വില്ലേജ് ഓഫീസില്‍ നാല് സെന്റ് വസ്തുവിന്റെ കരം അടയ്ക്കാനുള്ള ശ്രമത്തിനിടെയാണ് റവന്യു ഉദ്യോഗസ്ഥര്‍ തട്ടിപ്പ് കണ്ടെത്തിയത്.
വില്ലേജ് ഓഫീസര്‍ തട്ടിപ്പ് പോലീസിനെ അറിയിക്കുന്നതിനിടെ കരം അടയ്ക്കാന്‍ വന്നയാള്‍ ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ബ്ലോക്ക് 17 ല്‍ തണ്ടപ്പേര്‍ 2047 നമ്പര്‍ പൊടിയന്‍ മകന്‍ വാമദേവന്‍ ഭാര്യ ഹേമ എന്ന സ്ത്രീയുടെ പേരിലുള്ള വസ്തുവിന്റെ കരമടയ്ക്കാനായിരുന്നു ശ്രമം. കരം സ്വീകരിക്കുന്നതിനുള്ള നടപടിക്കിടെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എ. ഷറഫുദ്ദീനാണ് പഴയ രസീതില്‍ സംശയം തോന്നിയത്. തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ ബി.ആര്‍. നാഗേഷ് വിശദമായി പരിശോധന നടത്തി തട്ടിപ്പ് കണ്ടുപിടിക്കുകയായിരുന്നു.
23-4-2012 ല്‍ കരമടച്ച രസീതാണ് വന്ന ആള്‍ നല്‍കിയത്. പുതിയ നിയമപ്രകാരം പഴയ കരം അടച്ച രസീത് കാണിച്ചാല്‍ മാത്രമേ പുതിയ കരം സ്വീകരിക്കൂ. രസീതില്‍ കണ്ട ഒപ്പാണ് സംശയത്തിനിട നല്‍കിയത്. ഈ കാലയളവില്‍ ഇവിടെ ജോലി ചെയ്തിരുന്ന ആരും അങ്ങനെ ഒപ്പിട്ടിരുന്നില്ല.
കൂടുതല്‍ പരിശോധിച്ചപ്പോള്‍ രസീതിലെ സീലിലും പ്രശ്‌നം കണ്ടു. ആറ്റിപ്ര പി.ഒ എന്നാണ് സീലില്‍ ഉണ്ടായിരുന്നത്. യഥാര്‍ഥത്തില്‍ ആറ്റിപ്ര വില്ലേജ് ഓഫീസ് കുളത്തൂര്‍ പി.ഒ ആണ്. മാത്രമല്ല, വില്ലേജ് ഓഫീസിന്റെ സീലില്‍ കാണാറുള്ള നക്ഷത്ര ചിഹ്നവും ഉണ്ടായിരുന്നില്ല. വില്ലേജ് ഓഫീസിന്റെ രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ ഇതേ ദിവസം ഈ വസ്തുവിന്റെ കരം അടച്ചിട്ടുണ്ട്. പക്ഷെ ബുക്ക് നമ്പരും രസീത് നമ്പരും വ്യത്യാസമാണ്.
പ്രമാണത്തിന്റെ പകര്‍പ്പ് ചോദിച്ചപ്പോള്‍ അതും ഹാജരാക്കി. സഹോദരിയുടെ വസ്തുവാണെന്നാണ് ഇയാള്‍ പറഞ്ഞത്. കൃത്രിമം നടത്തിയതായി വ്യക്തമായതോടെ വില്ലേജ് ഓഫീസര്‍ പോലീസിനെ ഫോണില്‍ ബന്ധപ്പെട്ടു. ഈ തക്കത്തിനിടെയാണ് വന്ന ആള്‍ ഓടി മറഞ്ഞത്. വ്യാജ രസീത് ഹാജരാക്കുന്നതിന് മുമ്പ് മറ്റൊരു വസ്തുവിന്റെ കരം ഇയാള്‍ അടച്ചിട്ടുണ്ട്. ആറ്റിപ്ര വില്ലേജില്‍ നെഹ്രു ജങ്ഷനില്‍ തൃതിക ഭവനില്‍ കൊളാസിക്ക എന്ന പേരിലാണ് ഇയാള്‍ ആദ്യം കരമടച്ചിരിക്കുന്നത്.
വില്ലേജ് ഓഫീസര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

 

 




MathrubhumiMatrimonial