goodnews head

നാസാ പെസിക് തെരുവുനായ്ക്കളുടെ രക്ഷകന്‍

Posted on: 07 Apr 2015



നാസാ പെസിക്കിനും ചുറ്റും വാലാട്ടി സ്‌നേഹം പ്രകടിപ്പിക്കുന്നത് നൂറുകണക്കിന് നായ്ക്കളാണ്. തന്നെ കാണുമ്പോള്‍ ഓടിയെത്തുന്ന അവയുടെയെല്ലാം പേരുപോലും മൃഗങ്ങളുടെ ഈ രക്ഷകന് അറിയാം. ഓരോന്നിനെയും അയാള്‍ പേര് ചൊല്ലിവിളിക്കും. അവ അടുത്തുവന്ന് സ്‌നേഹം പ്രകടിപ്പിച്ച് ഒതുങ്ങിയിരിക്കും. ആരെയും അദ്ഭുതമുണ്ടാക്കുന്ന ഈ കാഴ്ച അങ്ങ് സെര്‍ബിയയില്‍ നിന്നാണ്.

''ഇതിലെ ഓരോ നായയും എങ്ങനെ ഈ അഭയകേന്ദ്രത്തിലെത്തിയെന്ന് എനിക്കറിയാം. ഓരോന്നിന്റെയും സ്വഭാവവും'' തെക്കന്‍ സെര്‍ബിയയിലെ 'നിസി'ലെ തെരുവുനായ്ക്കള്‍ക്കായുള്ള അഭയകേന്ദ്രത്തിലിരുന്ന് പെസിക് പറയുന്നു.

ഒരു ദിവസം വഴിയില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ട നാല് പട്ടിക്കുഞ്ഞുങ്ങളെ എടുത്ത് വീട്ടിലേക്ക് കൊണ്ടുവന്നതാണ് പെസിക്കിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. അവയുടെ സ്‌നേഹവും സന്തോഷവും കടപ്പാടും അനുഭവിച്ചറിഞ്ഞ പെസിക് അങ്ങനെ തെരുവുനായ്ക്കളുടെ രക്ഷകനാവുകയായിരുന്നു. അവര്‍ക്കായി അഭയകേന്ദ്രവും തയ്യാറാക്കി. ഇന്ന് അവയുടെ കാര്യങ്ങള്‍ നോക്കാന്‍ വേറെ ആറുപേരും പെസിക്കിനെ സഹായിക്കുന്നുണ്ട്.

45 വയസ്സിലെത്തിനില്‍ക്കുമ്പോള്‍ പെസിക്കിന്റെ അഭയകേന്ദ്രത്തില്‍ ഇപ്പോള്‍ 450ലധികം അംഗങ്ങളായി. അവയ്ക്ക് ഭക്ഷണവും പരിചരണവും നല്‍കാന്‍തന്നെ ലക്ഷങ്ങള്‍ മാസാമാസം കണ്ടെത്തണം. എല്ലാത്തിനും പ്രതിരോധമരുന്നുകളും കുത്തിവെപ്പുകളും എടുത്തു. തിരിച്ചറിയാന്‍ മൈക്രോചിപ്പുകളും ഘടിപ്പിച്ചു.

ഒരുവിധത്തില്‍ അങ്ങനെ മുന്നോട്ടുപോവുമ്പോഴാണ് പെസിക്കിന് മുന്നില്‍ ഇപ്പോള്‍ പുതിയ വെല്ലുവിളി. അഭയകേന്ദ്രത്തിന് പുതിയ സ്ഥലം കണ്ടെത്തണം. കാരണം ഇപ്പോഴത്തെ സ്ഥലം നഗരസഭയുടേതാണെന്നും നായ്ക്കളെ ഒഴിപ്പിക്കണമെന്നും അധികൃതര്‍ പെസിക്കിനോട് ആവശ്യപ്പെട്ടിരിക്കയാണ്.

എന്നാല്‍, ആയിരക്കണക്കിന് മൃഗസ്‌നേഹികള്‍ പെസിക്കിന് പിന്തുണയുമായി രംഗത്തെത്തിയതോടെ അഭയകേന്ദ്രത്തിന്റെ കാര്യത്തില്‍ എന്തുതീരുമാനമെടുക്കണമെന്നറിയാതെ കുടുക്കിലായിരിക്കയാണ് അധികൃതരും.

 

 




MathrubhumiMatrimonial