goodnews head

ക്ലാസിക്ക് സിനിമകളുമായി കുട്ടികളുടെ സിനിമാകൊട്ടക

Posted on: 05 Apr 2015


ഹരിപ്പാട്: ഹോം വര്‍ക്കിന്റെയും സ്‌കൂള്‍ പ്രോജക്ടുകളുടെയും ഭാരമൊഴിഞ്ഞ അവധിക്കാലത്ത് കുട്ടികള്‍ക്ക് നല്ല സിനിമ കാണാനുള്ള സുവര്‍ണ അവസരമാണ്, ഹരിപ്പാട്ടെ സമഭാവന സാംസ്‌കാരിക വേദി ഒരുക്കിയിരിക്കുന്നത്. നഗര മധ്യത്തിലെ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സമഭാവനയുടെ സിനിമാകൊട്ടക തുറന്നിരിക്കുന്നത്. ഏപ്രില്‍ രണ്ടിനായിരുന്നു ഇവിടെ കുട്ടികളുടെ അന്താരാഷ്ട്ര സിനിമ പ്രദര്‍ശനം തുടങ്ങിയത്. 11 വരെ തുടരും. പ്രവേശനം സൗജന്യമാണ്.

തോക്കും കത്തിയും അക്രമവും നിറഞ്ഞ സിനിമകള്‍ മാത്രം കണ്ടിട്ടുള്ള കുട്ടികള്‍ക്ക് ലോക സിനിമയിലെ ക്ലാസിക് സൃഷ്ടികള്‍ അടുത്തറിയാനുള്ള അവസരമാണ് ഇവിടെയുള്ളത്. ഒരുദിവസം രണ്ട് സിനിമകളുണ്ട്. വൈകിട്ട് നാലരയ്ക്കാണ് ആദ്യ പ്രദര്‍ശനം. ആറരയ്ക്ക് രണ്ടാം പ്രദര്‍ശനം തുടങ്ങും. ആദ്യ പ്രദര്‍ശനത്തിന് കുട്ടികള്‍ക്ക് തനിയെ വരാം. ആറ്് മണിക്കുതുടങ്ങുന്ന സിനിമ തീരുമ്പോള്‍ ഇരുട്ടും. അതിനാല്‍ രണ്ടാം പ്രദര്‍ശനത്തിന് വരുന്നകുട്ടികള്‍ രക്ഷിതാക്കളെയും കൂട്ടാന്‍ മറക്കരുത്.

ഞായറാഴ്ച വൈകിട്ട് 4.30ന് ഇറ്റാലിയന്‍ ചിത്രമായ ബൈസിക്കിള്‍ തീവ്‌സ് പ്രദര്‍ശിപ്പിക്കും. തിങ്കളാഴ്ച ഭൂട്ടാനില്‍നിന്നുള്ള ദി കപ്പ്, ലോകപ്രശസ്ത സംവിധായകന്‍ കുറുസോവയുടെ ഡ്രീംസ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സത്യജിത്ത് റായിയുടെ പഥേര്‍ പാഞ്ചാലി ബുധനാഴ്ച വൈകിട്ട് ആറിനും ഇറ്റാലിയന്‍ ചിത്രമായ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ 10ന് വൈകുന്നേരം ആറിനും കാണാം.
സമാപന ദിവസമായ 11ന് വൈകിട്ട് 4.30ന് ജി. അരവിന്ദന്റെ കുമ്മാട്ടി പ്രദര്‍ശിപ്പിക്കും.

ചാര്‍ളി ചാപ്ലിന്റെ ദി കിഡ് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിച്ചുകഴിഞ്ഞു.
സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ചിത്രത്തിന്റെ കഥാ സന്ദര്‍ഭം, സംവിധായകന്‍, ചരിത്ര പശ്ചാത്തലം, ചിത്രം നേടിയിട്ടുള്ള പുരസ്‌കാരങ്ങള്‍ എന്നിവയെല്ലാം വിശദമാക്കുന്ന ആമുഖ പ്രഭാഷണമുണ്ടാകും.

ചലച്ചിത്ര മേളകളിലേതുപോലുള്ള ഓപ്പണ്‍ഫോറമാണ് ഈ സിനിമാപ്രദര്‍ശനത്തിന്റെ മറ്റൊരു ആകര്‍ഷണം. കെ.ആര്‍. മോഹന്‍ദാസ്, സി.എസ്. വെങ്കിടേഷ്, മൈത്രി ശശികുമാര്‍, ചലച്ചിത്ര അവാര്‍ഡ് ജേതാവ് അജുനാരായണന്‍ എന്നിവര്‍ സംവാദത്തിന് നേതൃത്വം നല്‍കുന്നു.

മാധ്യമ പ്രവര്‍ത്തകനായ ബാബു ഭരദ്വാജ് കുട്ടികളുടെ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു.
നൂറോളം കുട്ടികള്‍ സമഭാവനയുടെ സിനിമാകൊട്ടകയിലെ പതിവുകാരാണ്. നല്ല സിനിമകള്‍ കാണാന്‍ താത്പര്യമുള്ള കുട്ടികള്‍ക്ക് ഇനിയും അവസരമുണ്ട്. ഫോണ്‍: 9497288586, 9656175380.

 

 




MathrubhumiMatrimonial