goodnews head

പൊറോട്ടയ്ക്ക് ഗുഡ്‌ബൈ... എന്നിട്ടും മലയാലപ്പുഴ കഫേ കുടുംബശ്രീ ഹിറ്റ്‌

Posted on: 05 Apr 2015


പത്തനംതിട്ട: കുടുംബശ്രീ കഫേ എന്ന ആശയവുമായി മലയാലപ്പുഴയില്‍ എത്തുമ്പോള്‍ ആളുകള്‍ അടക്കം പറഞ്ഞു, ഇതിപ്പോ ഇവിടെ വിജയിക്കുമോ എന്ന്. കഫേ വിജയിക്കുക മാത്രമല്ല ഹിറ്റാവുകയും ചെയ്തിരിക്കുന്നു. നിത്യേന ഭക്ഷണം കഴിക്കാന്‍ വരുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി. മാത്രമല്ല പുറത്ത് പരിപാടികള്‍ക്കും നല്ല ഭക്ഷണം വിളമ്പി ഈ പെണ്‍സംഘം മലയാലപ്പുഴയില്‍ വിജയം നേടിയിരിക്കുന്നു.

നവംബറിലായിരുന്നു കഫേ കുടുംബശ്രീ എന്ന സംസ്ഥാന സര്‍ക്കാരിന്റെ സംരംഭം ക്ഷേത്രഗ്രാമമായ മലയാലപ്പുഴയില്‍ എത്തുന്നത്. പറഞ്ഞും കേട്ടും കഴിച്ചും ഇത് ആളുകളുടെ നാവ് വഴി മനസിലെത്തി. നാടന്‍ രുചിയിലുള്ള ആഹാരമാണ് ഇവിടുത്തെ പ്രത്യേകത. മാസം അന്‍പതിനായിരത്തിലേറെ രൂപയാണ് ഇപ്പോള്‍ വരുമാനം.

9പേരുള്ള സംഘമാണ് നടത്തിപ്പ്. പൊറോട്ടയെ പടിക്ക് പുറത്താക്കിയതാണ് ഭക്ഷണശാലയുടെ പ്രത്യേകത. പകരം ദോശ, ഇഡലി, ചപ്പാത്തി, പുട്ട് എന്നിവയുണ്ട്. നാട്ടിലധികം പ്രശസ്തമല്ലാത്ത പത്തിരിയും ഇവിടെ പരിചയപ്പെടാം. കൊഴുക്കട്ട, ഇലയട, പഴംപൊരി തുടങ്ങി നാം പുറത്താക്കിയ വിഭവങ്ങള്‍ക്ക് ഇത്രയും രുചിയുണ്ടെന്ന് ബോധ്യപ്പെടാന്‍ ഒന്നിവിടെ കയറിയാല്‍ മതി.

മൂന്ന് ചെറിയ ഹാളുകളുള്ളതിനാല്‍ പരിപാടികള്‍ സംഘടിപ്പിക്കാം. ഭക്ഷണം മുന്‍കൂട്ടി പറഞ്ഞാല്‍ റെഡി. 8 മുറികളില്‍ ചെറുകിട ഭക്ഷണകൂട്ടായ്മകളും നടത്താം. കെ.റ്റി.ഡി.സി.യുടെ കെട്ടിടം തീര്‍ഥാടക സഹായകേന്ദ്രം എന്ന രീതിയില്‍ പണിതിട്ട് വെറുതെ കിടക്കുകയായിരുന്നു. പിന്നീടാണ് ഇത് കുടുംബശ്രീക്ക് വിട്ടുനല്‍കാന്‍ തീരുമാനമായത്.

വെള്ളം കിട്ടാനുള്ള ബുദ്ധിമുട്ടാണ് നടത്തിപ്പിനുള്ള പ്രയാസം. ടാങ്കൊന്നിന് 400 രൂപയാണ് വേണ്ടത്. രണ്ട് ടാങ്ക് ഒരു ദിവസം വേണം. കുഴല്‍കിണര്‍ കുഴിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.



 

 




MathrubhumiMatrimonial