Crime News

ദീപക് വധം: ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേകസംഘം

Posted on: 05 Apr 2015



പെരിങ്ങോട്ടുകര: ജനതാദള്‍ (യു) സംസ്ഥാന കമ്മിറ്റിയംഗം പി.ജി. ദീപക്കിന്റെ കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പെരിങ്ങോട്ടുകര കരുവാങ്കുളത്തെ ദീപക്കിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.

ഇരിങ്ങാലക്കുട ഡിവൈഎസ്പി പി.എ. വര്‍ഗ്ഗീസ് അന്വേഷണസംഘത്തിന് നേതൃത്വം നല്കും. ദീപക്കിന്റെ കൊലപാതകത്തിന് മുന്നോടിയായി നടന്ന ആസൂത്രണത്തെക്കുറിച്ചും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുമുള്ള വിവരങ്ങളാണ് സംഘം അന്വേഷിക്കുക. ദീപക്കിന്റെ കുടുംബത്തിന് സാമ്പത്തികസഹായം നല്കുന്നത് സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുക്കും. ജനതാദള്‍ (യു) പ്രവര്‍ത്തകര്‍ക്കു നേരെ ഭീഷണിതുടരുന്ന സാഹചര്യത്തില്‍ പ്രദേശത്തെ പോലീസ് പട്രോളിങ്ങും വാഹനപരിശോധനയും ശക്തമാക്കും. പെരുങ്ങോട്ടുകര സെന്ററില്‍ പ്രവര്‍ത്തനം നിലച്ച പോലീസ് ഔട്ട്‌പോസ്റ്റിനു പകരമായി പഞ്ചായത്ത് സ്ഥലംനല്കുന്ന മുറയ്ക്ക് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ദീപക് കൊലക്കേസിലെ രണ്ട് പ്രതികള്‍ക്ക് അറസ്റ്റിലായി പത്തുദിവസത്തിനുള്ളില്‍ ജാമ്യം ലഭിച്ചെന്ന വാര്‍ത്ത ആഭ്യന്തരമന്ത്രി നിഷേധിച്ചു. ദീപക്കിന്റെ ബന്ധുക്കള്‍ ആവശ്യപ്പെടുന്ന വക്കീലിനെയാവും കോടതിയില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കുക. ആര്‍.എസ്.എസ്. ഉള്‍പ്പെട്ട കേസുകളില്‍ സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കുന്നെന്ന ആരോപണം തള്ളിയ മന്ത്രി കൊലപാതകം ആരുടെ ഭാഗത്തുനിന്നുണ്ടായലും നീതീകരിക്കാനാവില്ലെന്ന് പറഞ്ഞു. എത്രയും വേഗം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

ശനിയാഴ്ച രാവിലെ 9.15ഓടെ കരുവാങ്കുളത്തെ പൊറ്റെക്കാട്ട് വീട്ടിലെത്തിയ ആഭ്യന്തരമന്ത്രിക്കു മുമ്പില്‍ വികാരനിര്‍ഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. ദീപക്കിന്റെ ഭാര്യ വര്‍ഷയും അമ്മ സാവിത്രിയും മന്ത്രിക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞു. മക്കളായ ഹര്‍ദേവിനെയും ശ്രീദേവിനെയും ചൂണ്ടിക്കാട്ടി, ഇവര്‍ക്ക് അച്ഛനെക്കണ്ട് കൊതിതീര്‍ന്നിരുന്നില്ലെന്ന് വര്‍ഷ പറഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാന്‍ ആഭ്യന്തരമന്ത്രിക്കും വാക്കുകളുണ്ടായിരുന്നില്ല. കുറ്റക്കാര്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്നും എല്ലാ നടപടികളുമുണ്ടാവുമെന്ന് കുടംബാംഗങ്ങളോട് ആഭ്യന്തരമന്ത്രി പറഞ്ഞു.

എം.പി. വിന്‍സെന്റ് എം.എല്‍.എ., യുഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, ജനതാദള്‍ (യു) ജില്ലാപ്രസിഡന്റ് യൂജിന്‍ മോറേലി, ജില്ലാ ഭാരവാഹികളായ പി.എന്‍. ഷാജി, ബഷീര്‍ തൈവളപ്പില്‍, അജി ഫ്രാന്‍സിസ്, കിസാന്‍ ജനതാ ജില്ലാ സെക്രട്ടറി കെ.ബി. അബ്ദുള്‍ഖാദര്‍, സുധീര്‍ കൊല്ലാറ, എം.പി. പ്രതാപ്‌സിങ്, യു.കെ. ചന്ദ്രാംഗദന്‍, ജോസ് വെള്ളൂര്‍, ശോഭാ സുബിന്‍ എന്നിവരും ആഭ്യന്തരമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ഫിബ്രവരി 24ന് രാത്രി എട്ടിനാണ് ദീപക് (46) പഴുവില്‍ ജങ്ഷനിലെ റേഷന്‍കടയ്ക്ക് മുമ്പില്‍ വെട്ടേറ്റ് മരിച്ചത്. കേസിലെ 10 പ്രതികളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരായ ഒമ്പതുപേരെ മാര്‍ച്ച് 27ന് പോലീസ് അറസ്റ്റുചെയ്തിരുന്നു. മറ്റൊരു പ്രതി പെരിങ്ങോട്ടുകര ശിപായിമുക്ക് കാരയില്‍ വീട്ടില്‍ സനന്ദ് ഒളിവിലാണ്.

 

 




MathrubhumiMatrimonial