Crime News

മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച 11 ചാക്ക് റേഷനരി പിടികൂടി; ഒരാള്‍ അറസ്റ്റില്‍

Posted on: 03 Apr 2015


കോഴിക്കോട്: റേഷന്‍ കടയിലേക്ക് പൊതുവിതരണത്തിനെത്തിയ അരി ചാക്കുമാറ്റി നിറച്ച് മറിച്ചുവില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കണ്ടെത്തി. പതിനൊന്ന് ചാക്ക് ചോറ്റരിയാണ് മായനാട് വെള്ളിപറമ്പ് നായര്‍ക്കുളങ്ങര വീട്ടില്‍നിന്ന് കണ്ടെത്തിയത്. ഗൃഹനാഥനായ മൊയ്തീന്‍ കോയയെ (65) മെഡിക്കല്‍ കോളേജ് സി.ഐ. ജലീല്‍ തോട്ടത്തില്‍ അറസ്റ്റ് ചെയ്തു.

സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ സ്‌ക്വാഡ് അംഗങ്ങളാണ് അരി പൂഴ്ത്തിവെപ്പ് കേന്ദ്രം കണ്ടെത്തിയത്. വെള്ളിപ്പറമ്പിലെ എ.ആര്‍.ഡി-27 റേഷന്‍ ഷോപ്പിലേക്ക് അനുവദിച്ച അരിയാണ് ചാക്കുമാറ്റി നിറച്ച് വില്‍ക്കാന്‍ ശ്രമിച്ചത്.
ബഷീര്‍ എന്നയാളാണ് ഈ റേഷന്‍ കടയുടെ നടത്തിപ്പുകാരന്‍. മൊയ്തീന്‍ കോയയ്ക്ക് എതിരെ അവശ്യസാധന നിയമ പ്രകാരവും റേഷനിങ് നിയമ പ്രകാരവും കേസെടുത്തു. പ്രതിയെ കുന്ദമംഗലം കോടതി മുമ്പാകെ ഹാജരാക്കി.

ഷാഡോ സ്‌ക്വാഡ് എസ്.ഐ. ഇ. ചന്ദ്രന്‍, ശശി ബാബു, മെഡിക്കല്‍ കോളേജ് എസ്.ഐ. എം.ടി. ജേക്കബ്, അഡീഷണല്‍ എസ്.ഐ. കെ.എം. കുട്ടികൃഷ്ണന്‍ എന്നിവരാണ് തുടരന്വേഷണം നടത്തുന്നത്.

 

 




MathrubhumiMatrimonial