Crime News

പൂരപ്പറമ്പില്‍ യുവാവ് മരിച്ച സംഭവം: മൂന്നുപേര്‍ അറസ്റ്റില്‍

Posted on: 03 Apr 2015


പൊന്നാനി: കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിലെ താലപ്പൊലിയുത്സവത്തിന്റെ ഭാഗമായി പൂരപ്പറമ്പിലെ കാര്‍ണിവല്‍ വേദിയില്‍ റിവോള്‍വിങ് ചെയറില്‍നിന്ന് തെറിച്ചുവീണ് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു.

റിവോള്‍വിങ് ചെയറിന്റെ ഉടമസ്ഥനായ ബംഗാളി സ്വദേശി അഷക്കര്‍അലി ഷെയ്ക്ക് (25), കരാറുകാരായ തിരൂര്‍ സ്വദേശി മാവുംകുന്നത്ത് ഹംസ (39), കൊല്ലം അഞ്ചല്‍ അലയമണ്‍ സ്വദേശി ഇല്ലിക്കുളത്ത് വയലില്‍ അബ്ദുള്ളഷാ (45) എന്നിവരെയാണ് പൊന്നാനി എസ്.ഐ രവി സന്തോഷ് അറസ്റ്റുചെയ്തത്.

27ന് വൈകിട്ട് ഏഴുമണിക്കുശേഷമാണ് കേസിനാസ്പദമായ സംഭവംനടന്നത്. എടപ്പാള്‍ തലമുണ്ടവാര്യത്ത് ശ്രീജിത്താണ്(26) മരിച്ചത്.
ബംഗാളി സ്വദേശി അഷക്കര്‍ അലിയില്‍നിന്ന് റിവോള്‍വിങ് ചെയര്‍ വാടകയ്‌ക്കെടുത്തുകൊണ്ടുവന്നത് കൊല്ലം സ്വദേശി മുഹമ്മദ് അബ്ദുള്ളഷാ ആയിരുന്നു. പൂരപ്പറമ്പില്‍ റിവോള്‍വിങ്‌ചെയര്‍ നടത്താന്‍ ഗ്രൗണ്ട് ഒരുക്കിക്കൊടുത്തത് തിരൂര്‍ സ്വദേശി ഹംസയാണെന്ന് പോലീസ് പറഞ്ഞു.

പ്രതികള്‍ പൂരപ്പറമ്പിലൊരുക്കിയ റിവോള്‍വിങ് ചെയറിന് വേണ്ടത്ര സുരക്ഷിതത്വമില്ലായിരുന്നുവെന്നും സീറ്റ്‌ബെല്‍റ്റോ ലോക്കിങ് സംവിധാനമോ ഇല്ലാത്തതിനാലാവാം ശ്രീജിത്ത് ചെയറില്‍നിന്ന് പുറത്തേക്കു തെറിച്ചുവീണ് അപകടത്തില്‍പ്പെട്ട് മരിക്കാനിടയായതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 

 




MathrubhumiMatrimonial