Crime News

മഹാരാഷ്ട്രയില്‍ 55 കുട്ടികളെ പീഡിപ്പിച്ച അധ്യാപകര്‍ക്കായി തിരച്ചില്‍

Posted on: 03 Apr 2015



മുംബൈ: മഹാരാഷ്ട്രയിലെ അകോളയില്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലെ 55 വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസിലെ പ്രതികളായ രണ്ട് അധ്യാപകര്‍ ഒളിവില്‍പോയി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇവര്‍ അമരാവതി ജില്ലയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

രാജന്‍ ഗാജ്ഭിയ (42), ശൈലേഷ് രാംതെക്കെ (49) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ സ്‌കൂളിലെ 13-17 വയസ്സുവരെ പ്രായമുള്ള 55 വിദ്യാര്‍ഥികളാണ് പരാതി നല്‍കിയത്. അധ്യാപകര്‍ തങ്ങളോട് ലൈംഗികചുവയോടെ സംസാരിക്കുകയും അവയവങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പെണ്‍കുട്ടികള്‍ എഴുതി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. പിന്നാക്ക പ്രദേശങ്ങളില്‍ നിന്നുള്ള ദരിദ്രരായ വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഏറെയും.

മഹാരാഷ്ട്ര വനിതാ കമ്മീഷന്റെ ഇടപെടല്‍ മൂലമാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്നാണ് 359 വിദ്യാര്‍ഥികളില്‍ നിന്ന് തെളിവെടുപ്പ് നടത്തി കേസ് ചാര്‍ജ് ചെയ്തത്. സ്‌കൂളിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി എന്നിവരെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നായി വനിതാ കമ്മീഷന്‍ അംഗം ആശ മിര്‍ഗെ പറഞ്ഞു.

 

 




MathrubhumiMatrimonial