Crime News

വിമാനത്താവളത്തില്‍ 90 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

Posted on: 03 Apr 2015


നെടുമ്പാശ്ശേരി: ദുബായില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് മൂന്നര കിലോ സ്വര്‍ണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. വ്യാഴാഴ്ച രാവിലെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന കോഴിക്കോട് താമരശ്ശേരി സ്വദേശി വി.കെ. ജസീറി (25)ന്റെ പക്കല്‍നിന്നുമാണ് 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചത്.

കാര്‍ ബാറ്ററി ചാര്‍ജറിന്റെ ട്രാന്‍സ്‌ഫോര്‍മറിനുള്ളിലും എമര്‍ജന്‍സി ലൈറ്റിന്റെ ബാറ്ററിയുടെ ഉള്ളിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നത്. 116.600 ഗ്രാം തൂക്കംവരുന്ന 30 സ്വര്‍ണബിസ്‌കറ്റുകളാണ് ഉണ്ടായിരുന്നത്. കാര്‍ബണ്‍പേപ്പറില്‍ പൊതിഞ്ഞശേഷം അലൂമിനിയം ഫോയില്‍ പേപ്പര്‍ ചുറ്റി ടേപ്പും ചുറ്റിയാണ് സ്വര്‍ണം ബാഗേജില്‍ ഒളിപ്പിച്ചിരുന്നത്. ഗ്രീന്‍ചാനല്‍വഴി കടന്നുപോകാന്‍ ശ്രമിച്ച ഇയാളെ സംശയം തോന്നി വിശദമായി ചോദ്യംചെയ്യുകയും ബാഗേജ് തുറന്ന് പരിശോധിക്കുകയും ചെയ്തപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. കാരിയര്‍ ആയ ഇയാള്‍ ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണം കൊണ്ടുവന്നിരിക്കുന്നതെന്ന് വ്യക്തമല്ല.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 131 കേസുകളിലായി 81.244 കിലോ സ്വര്‍ണം പിടിച്ചതായി കസ്റ്റംസ് കമ്മീഷണര്‍ രാഘവന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 20.68 കോടി രൂപയുെട സ്വര്‍ണമാണ് മൊത്തം പിടിച്ചിരിക്കുന്നത്. 48 പേരെ അറസ്റ്റ് ചെയ്തു.

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍മാരായ സഞ്ജയ്, കെ.പി. ശിവദാസ്, സൂപ്രണ്ട്മാരായ എം. ഷൈരാജ്, എം.ആര്‍. രാമചന്ദ്രന്‍, കോശി അലക്‌സ്, കെ.കെ. സോമസുന്ദരന്‍, എന്‍.ജി. ജെയ്‌സണ്‍, എസ്. രാജഗോപാലന്‍നായര്‍, കെ. ഷനോജ്കുമാര്‍, ഇന്‍സ്‌പെക്ടര്‍ ഒ.എഫ്. ജോസ്, ഹെഡ് ഹവില്‍ദാര്‍ എ. ജനാര്‍ദനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച സ്വര്‍ണം പിടികൂടിയത്.

 

 




MathrubhumiMatrimonial