
വ്യാപാരിയെ ആക്രമിച്ച് 40,000 രൂപ കവര്‍ന്നു
Posted on: 03 Apr 2015
ചെറായി: പലചരക്ക് വ്യാപാരിയെ ആക്രമിച്ച് രണ്ടംഗ സംഘം 40,000 രൂപ കവര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെ പള്ളിപ്പുറം കോവിലകത്തുംകടവിലാണ് സംഭവം. ചക്കംതറ സുകുമാരന്റെ (61) പണമാണ് കവര്‍ന്നത്.
കോട്ടപ്പുറം ചന്തയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനായി പുലര്‍ച്ചെ നാലേകാലിനു കോവിലകത്തുംകടവ് ബസ്സ്‌റ്റോപ്പില്‍ വാഹനം കാത്ത് നില്‍ക്കുകയായിരുന്നു വ്യാപാരി.
ഈ സമയം പിന്നാലെ എത്തിയ രണ്ട് പേരില്‍ ഒരാള്‍ വായ പൊത്തിപ്പിടിക്കുകയും മറ്റെയാള്‍ കാലുകള്‍ മുറുകെ പിടിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഇയാളെ പൊക്കിയെടുത്ത് ഇടറോഡിലേക്ക് മാറ്റിക്കിടത്തി ട്രൗസറിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നെന്ന് മുനമ്പം പോലീസ് പറഞ്ഞു.
ഒച്ചവെയ്ക്കാന്‍ കഴിയാതെ അവശനായ വ്യാപാരിക്ക് പരിക്കുണ്ട്. പണം കവര്‍ന്നശേഷം സംഘം ഓടി രക്ഷപ്പെട്ടതായി വ്യാപാരി പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. മുനമ്പം പോലീസ് അന്വേഷണം ആരംഭിച്ചു.
